അത്യാധുനിക ആയുധങ്ങൾ നിറച്ച ഇറാനിയൻ കപ്പൽ വെനിസുലയിൽ എത്തിയതായി അമേരിക്കൻ ഇന്റലിജൻസ്; ഇറാനും വെനിൻസുലക്കും എതിരെ നിലപാട് കടുപ്പിച്ച് ബൈഡൻ; കപ്പലുകളെ അടുപ്പിക്കരുതെന്ന് മുന്നറിയിപ്പ്; ഇറാനെ മുൻനിർത്തി മറ്റൊരു യുദ്ധമുഖം തുറക്കാൻ ഒരുങ്ങി അമേരിക്ക
- Share
- Tweet
- Telegram
- LinkedIniiiii
വാഷിങ്ടൺ: നയതന്ത്ര തലത്തിലെ മുന്നറിയിപ്പുകളെ അവഗണിച്ച് രണ്ട് ഇറാനിയൻ കപ്പലുകൾ വെനിൻസുല തീരത്തടുക്കുന്നതായി യു എസ് ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പാർലമെന്റിൽ അറിയിച്ചു. ഇതിൽ നിറയെ ആധുനിക ആയുധങ്ങളാണ് ഉള്ളതെന്നാണ് കരുതപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ ബാൻഡർ അബ്ബാസ് തുറമുഖത്തുനിന്നും യാത്ര തിരിച്ച ഈ കപ്പലുകൾ ഇപ്പോൾ അറ്റ്ലാന്റിക് സമുദ്രത്തിൽ എവിടെയോ ഉണ്ടെന്ന് സെനറ്റ് ആംഡ് സർവ്വീസ് കമ്മിറ്റിക്ക് മുൻപാകെ ഓസ്റ്റിൻ വെളിപ്പെടുത്തി. മാത്രമല്ല, അതിൽ ഉണ്ടാകാൻ ഇടയുള്ള ആയുധങ്ങളെ കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം കമ്മിറ്റിയെ അറിയിച്ചു.
കഴിഞ്ഞമാസം ഇറാനിൽ നിന്നും യാത്രതിരിച്ചതുമുതൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ഈ കപ്പലിന്റെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും, ഇതാദ്യമായാണ് ഒരു ഉദ്യോഗസ്ഥൻ ഇത് ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. ആഫ്രിക്കയുടെ കിഴക്കൻ തീരങ്ങളെ ചുറ്റി അറ്റ്ലാന്റിക് സമുദ്രത്തിൽ എത്തിയ കപ്പലിനെ കുറിച്ചുള്ള വിവരങ്ങൾ അമേരിക്കൻ ഏജൻസികൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഈ കപ്പലുകളെ അടുപ്പിക്കരുതെന്ന് ക്യുബയ്ക്കും വെനിൻസുലയ്ക്കും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ മേഖലയിൽ ഈ ആയുധങ്ങൾ എത്തുന്നത് മേഖലയുടെ സമാധാനത്തിന് ഭീഷണിയാണെന്ന് അമേരിക്ക കരുതുന്നു.
ഇത്തരത്തിൽ ആയുധങ്ങൾ കൈമാറ്റം ചെയ്യുന്നത് പ്രകോപനപരവും അതേസമയം പടിഞ്ഞാറൻ അർദ്ധഗോളത്തിലെ അമേരിക്കൻ സഖ്യകക്ഷികൾക്ക് ഭീഷണി ഉയർത്തുന്നതുമായ ഒരു നടപടിയാണെന്ന് അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ ബോധിപ്പിച്ചു. ഇതിന്റെ ഗതാഗതവും കൈമാറ്റവും തടയുവാൻ സഖ്യകക്ഷികളുമായി ആലോചിച്ച് സത്വര നടപടികൾ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്നും ഇവർ പറഞ്ഞു. ഈ മേഖലയിലെ രാജ്യങ്ങളോടെല്ലാം ഈ കപ്പലുകൾക്ക് തങ്ങളുടെ തീരത്ത് അടുക്കുവാനുള്ള അനുമതി നൽകരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇറാനിയൻ നാവികസേനയുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യം എന്ന് ഇറാനിയൻ സർക്കാർ ഉടമസ്ഥതയിലുള്ള ടി വി ഇതിനെ വിശേഷിപ്പിച്ചു. ഇറാനിൽ നിർമ്മിച്ച യുദ്ധക്കപ്പലായ സഹാന്ദും അതിനൊപ്പമുള്ള കപ്പലും അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കടന്നതായും സർക്കാർ ഉടമസ്ഥതയിലുള്ള ടി വി ചാനൽ സ്ഥിരീകരിച്ചു. മാത്രമല്ല, പ്രക്ഷുബ്ദമായ അറ്റാല്ന്റിക് സമുദ്രത്തിലൂടെയുള്ള കപ്പൽ യാത്രയുടെ ഒരു ക്ലിപ്പും ഇവർ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഹെലിപാട് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉള്ള മാക്രാൻ എന്ന ഓയിൽ ടാങ്കറിൽനിന്നും എടുത്തിട്ടുള്ളതാണ് ഈ ചിത്രങ്ങൾ എന്നാണ് വിശ്വസിക്കുന്നത്. രൂപമാറ്റം വരുത്തിയ ഈ ഓയിൽ ടാങ്കറാണ് യുദ്ധക്കപ്പലിനെ അനുഗമിക്കുന്നത്.
ദീർഘദൂര പദ്ധതികളിലും പ്രതികൂല കാലാവസ്ഥയിലും യുദ്ധക്കപ്പലുകളുടെ കാര്യക്ഷമത പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഈ യാത്രയിൽ ഈ കപ്പലുകൾ ഒരു വിദേശ രാജ്യത്തിന്റെ തുറമുഖത്തും അടുക്കുകയില്ലെന്നും ഇറാൻ അറിയിച്ചു. കഴിഞ്ഞ് ഏപ്രിൽ 28 ന് ശേഷമാണ് ഈ കപ്പലുകൾ ബാൻഡാർ അബ്ബാസ് തുറമുഖത്തുനിന്നും യാത്രതിരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഇറാൻ റെവല്യുഷണറി ഗാർഡിന്റെ അതിവേഗ ചെറുകപ്പലുകൾ മാക്രാൻ വഹിക്കുന്നതായി ചില സന്ദർഭങ്ങളിൽ എടുത്ത ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ഏഴ് കപ്പലുകളാണ് രൂപമറ്റം വരുത്തിയ എണ്ണടാങ്കറിൽ ഉണ്ടായിരുന്നത്.
ഏപ്രിലിൽ പേഷ്യൻ ഉൾക്കടലിൽ അമേരിക്കൻ നാവികസേനയുമായി ഏറ്റുമുട്ടികയ് പീകാപ് ഇനത്തിൽ പെട്ട ചെറു നൈകകളാണ് ഈ കപ്പലിലുള്ളത്. എന്നാൽ, മാക്രാൻ എണ്ണ ടാങ്കർ തുറമുഖം വിട്ടശേഷവും ഈ നൗകകൾ അതിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞവർഷം ഇറാനും വെനിൻസുലയും തമ്മിൽ ഒപ്പു വച്ച കരാർ അനുസരിച്ച് വെനിൻസുലയ്ക്ക് നൽകാനുള്ള ആയുധങ്ങളാണ് ഈ കപ്പലുകളീൽ ഉള്ളതെന്ന് ബൈഡൻ ഭരണകൂടം പറയുന്നു. കഴിഞ്ഞ ബുധനാഴ്‌ച്ചയോടെ ഈ കപ്പലുകൾ യാത്രയുടെ പകുതി ദൂരം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു.
വെനിൻസുല പ്രസിഡണ്ട് നിക്കോളാസ് മഡുറോയുമായി വളരെ അടുത്ത ബന്ധമാണ് ഇറാനുള്ളത്. അമേരിക്കൻ ഉപരോധത്തെ വെല്ലുവിളിച്ചുകൊണ്ട് പെട്രോളിയവും പെട്രോളിയം ഉദ്പന്നങ്ങളും വെനിൻസുലയ്ക്ക് ഇറാൻ നൽകിയിരുന്നു. അതിനുപുറമെ വെനിൻസുലയിൽ ഒരു കാർ അസംബ്ലി പ്ലാന്റും ഒരു വൻകിട സിമന്റ് ഫാക്ടറിയും ഇറാൻ സ്ഥാപിച്ചിട്ടുമുണ്ട്. ഈ കപ്പലുകൾ എവിടേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി തയ്യാറായില്ല. എന്നാൽ അത് വെനിൻസുലയിൽ അടുക്കുമെന്ന വിവരം നിക്കോളാസ് നിഷേധിച്ചു.
അന്താരാഷ്ട്ര സമുദ്രാർത്ഥിയിൽ മറ്റേതൊരു രാജ്യത്തിനുമുള്ള അവകാശം ഇറാനുമുണ്ടെന്നും അത് തടയുവാൻ ആർക്കും സാധിക്കില്ലെന്നും ഇറാൻ പ്രതികരിച്ചിട്ടുണ്ട്. ഇറാനിൽ നിന്നും വെനിൻസുല ദീർഘദൂര മിസൈലുകൾ വാങ്ങുമെന്ന് കഴിഞ്ഞവർഷം ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇത് അമേരിക്കയ്ക്ക് ഭീഷണീയാകും എന്നാണ് അമേരിക്കൻ ഭരണകൂടം കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇറാനും വെനിൻസുലയ്ക്കും മധ്യത്തിലുള്ള ഏതൊരു ഇടപാടും തടസ്സപ്പെടുത്താനായിരിക്കും അമേരിക്ക ശ്രമിക്കുക.
മറുനാടന് ഡെസ്ക്