വാഷിങ്ടൻ: യുനൈസ്‌ക്കോയിൽ നിന്് അമേരിക്ക പിന്മാറുന്നു. ഇസ്രയേലിനെതിരേ സംഘടന മുൻവിധിയോടെ പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.എസ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമാണ് യുനെസ്‌കോ-യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷനൽ സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷൻ

ഫലസ്തീൻ വിഷയത്തിൽ യുനെസ്‌കോയുടെ നിലപാട് ഇസ്രയേൽ വിരുദ്ധമാണെന്ന പൊതുവികാരമാണ് യുഎസിനുള്ളത്. ഇതാണ് പിൻവാങ്ങലിലേക്കു നയിച്ചതെന്നു കരുതുന്നു. യുനെസ്‌കോയുടെ 58 അംഗ എക്‌സിക്യൂട്ടിവ് ബോർഡ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി വെള്ളിയാഴ്ച യോഗം ചേരാനിരിക്കെയാണ് യുഎസിന്റെ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്. ഫലസ്തീൻ വിഷയത്തിൽ യുനെസ്‌കോ പുലർത്തുന്ന നയത്തിൽ യുഎസും യുനെസ്‌കോ നേതൃത്വവും തമ്മിൽ കടുത്ത അഭിപ്രായഭിന്നത നിലനിന്നിരുന്നു.

2011 ൽ ഫലസ്തീന് യുനസ്‌കോയിൽ അംഗത്വം നൽകിയതിനെത്തുടർന്നുണ്ടായ അമേരിക്കയുടെ രോഷമാണ് വർഷങ്ങൾക്കുശേഷം സംഘടനയിൽനിന്ന് പിന്മാറുന്നതുവരെ എത്തിയത്. ഇസ്രയേലിന്റെ എതിർപ്പ് അഗവണിച്ചാണ് ഫലസ്തീന് യുനസ്‌കോയിൽ അംഗത്വം ലഭിച്ചത്. ഫലസ്തീനെ യുനെസ്‌കോയിൽ അംഗമാക്കാൻ അംഗരാജ്യങ്ങളിൽ ഭൂരിഭാഗവും വോട്ടിങ്ങിലൂടെ അനുമതി നൽകിയതിനെ തുടർന്ന് യുഎനെസ്‌കോയ്ക്ക് നൽകിയിരുന്ന സാമ്പത്തിക സഹായങ്ങൾ 2011 ൽ യുഎസ് നിർത്തലാക്കിയിരുന്നു. അതേസമയം, യുനെസ്‌കോയുടെ പാരിസിലുള്ള ആസ്ഥാനത്തെ യുഎസ് ഓഫിസ് അടച്ചുപൂട്ടിയിരുന്നില്ല.

രാജ്യങ്ങൾ തമ്മിലുള്ള പ്രാദേശിക പ്രശ്‌നങ്ങളും ഫണ്ടിങ്ങിലെ അപര്യാപ്തതയും നിമിത്തം വലയുന്ന യുനെസ്‌കോയ്ക്ക് കനത്ത തിരിച്ചടിയാണ് യുഎസിന്റെ പിന്മാറ്റം. അംഗത്വത്തിൽനിന്ന് പിന്മാറിയെങ്കിലും യുനെസ്‌കോയിലെ പ്രത്യേക നിരീക്ഷക രാജ്യമായി തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ഹെതർ ന്യുയേർട്ട് വ്യക്തമാക്കി.

അതേസമയം, യുനെസ്‌കോയിൽനിന്നുള്ള യുഎസിന്റെ പിന്മാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച സംഘടനയുടെ അധ്യക്ഷയായ ഐറീന ബൊക്കോവ രംഗത്തെത്തി. സംഘടനയുടെ 'ബഹുരാഷ്ട്ര' പ്രതിച്ഛായയ്ക്ക് യുഎസിന്റെ പിന്മാറ്റം മങ്ങലേൽപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.
..........