മാര്‍ട്ടിന്‍ വിലങ്ങോലില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU), ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനം വന്‍വിജയമായി. പോലീസ് സേനയില്‍ പ്രവര്‍ത്തിക്കുന്നവരെ ചടങ്ങില്‍ ആദരിക്കുകയും പുതിയ അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു.

സമ്മേളനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ രണ്ടാമത്തെ കമാന്‍ഡര്‍ ആയ ന്യൂ യോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്ന്റില്‍ (NYPD) നിന്നുള്ള ഫസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ടാനിയ കിന്‍സെല്ല മുഖ്യ അതിഥിയായി പങ്കെടുത്തു.

മികച്ച സേവനം കാഴ്ചവച്ച NYPD ഫോഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ രോഹന്‍ ഗ്രിഫിത്ത് , മലയാളി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ഷിബു മധു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

റിച്ച്മണ്ട് കൗണ്ടി ക്രിമിനല്‍ കോര്‍ട്ടില്‍ സുപ്പീരിയര്‍ ജഡ്ജായി പ്രൊമോഷന്‍ ലഭിച്ച ജഡ്ജ് ബിജു കോശിയേയും, 2015 ല്‍ ആദ്യ സൗത്ത് ഏഷ്യന്‍ വനിതയായി നിയമനം ലഭിച്ച ജഡ്ജ് രാജ രാജേശ്വരിയേയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി.

അമേരിക്കയിലുടനീളം സേവനമര്‍പ്പിക്കുന്ന മലയാളി പോലീസ് ഓഫീസര്‍മാരുടെയും നിയമ നിര്‍വ്വഹണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും പ്രതിനിധീകരിക്കുന്ന ദേശീയ സംഘടനയാണ് അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU). തുടക്കം മുതലുള്ള സംഘടനയുടെ കമ്മ്യുണിറ്റി സേവനങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ്.

കേരള മുഖ്യമന്ത്രി ന്യൂയോര്‍ക്ക് ടൈം സ്‌ക്വയര്‍ സന്ദര്‍ശിച്ച വേളയില്‍ പ്രവാസികേരളീയരുടെ സംഗമവേദിയായ ലോക കേരള സഭക്കും ഇതിന്റെ സംഘാടകര്‍ക്കും ഇവരുടെ സേവനങ്ങള്‍ മുതല്‍ക്കൂട്ടായി.

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്ന്റിലെ (NYPD) ല്‍ നിന്നുള്ള ലെഫ്റ്റനന്റ് നിധിന്‍ എബ്രഹാം (പ്രസിഡന്റ്), മേരിലാന്‍ഡിലെ ടകോമ പാര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഡെപ്യൂട്ടി ചീഫ് ഷിബു ഫിലിപ്പോസ് (വൈസ് പ്രസിഡന്റ്), ന്യൂ യോര്‍ക്ക് - ന്യൂജേഴ്സി പോര്‍ട്ട് അതോറിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ലെഫ്റ്റനന്റ് നോബിള്‍ വര്‍ഗീസ് (സെക്രട്ടറി), ഫിലാഡെല്‍ഫിയ പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്നുമുള്ള സര്‍ജന്റ് ബ്ലെസ്സന്‍ മാത്യു (ട്രഷറര്‍), എഫ്ബിഐയില്‍ നിന്നുള്ള സൂപ്പര്‍വൈസറി സ്പെഷ്യല്‍ ഏജന്റ് ഡാനിയല്‍ സോളമന്‍ (സര്‍ജന്റ് അറ്റ് ആംസ്) എന്നിവരടങ്ങുന്ന ബോര്‍ഡ് ഓഫ് കമ്മറ്റിയാണ് സംഘടനയെ
നയിക്കുന്നത്.

സമ്മേളനത്തില്‍ നിധിന്‍ എബ്രഹാം സ്വാഗതം പറഞ്ഞു. നോബിള്‍ വര്‍ഗീസ് ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കുകയും, അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.

മലയാളി കൂട്ടായ്മക്കു താങ്ങും തണലുമായ സംഘടനയെ amleunited2020@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടാവുന്നതാണ്.