ഡാളസ്/ തിരൂര്‍: ദീര്‍ഘകാലം ഡാളസ് സാംസ്‌കാരിക സാഹിത്യ സദസുകളിലെ നിറസാന്നിധ്യവും ഇപ്പോള്‍ ഹൂസ്റ്റണില്‍ സ്ഥിരം താമസമാക്കിയിരിക്കുന്ന മാതൃഭാഷാസ്‌നേഹിയും ,അമേരിക്കയില്‍ അറിയപ്പെടുന്ന മലയാളി കവിയും , സാഹിത്യകാരനുമായ ജോസഫ് നമ്പിമഠത്തിന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയുടെ ആദരവ്.

ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ജില്ല സാമൂഹ്യ നീതി ഓഫീസ്, പി ആര്‍ ഡി , തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല, മുഖം ഗ്ലോബല്‍ മാഗസിന്‍,മുഖം ബുക്‌സ് എന്നിവ സംയുക്തമായി മലയാള സര്‍വ്വകലാശലയില്‍ ' ഭരണഭാഷയും സാമൂഹ്യ നീതിയും ' എന്ന വിഷയത്തില്‍ സെമിനാറിലാണ് അദ്ദേഹത്തെ ആദരിച്ചത്.

മലയാളം അമേരിക്കയില്‍ എന്ന വിഷയത്തില്‍ ജോസഫ് നമ്പിമഠം സംസാരിച്ചു.മലയാളത്തെ ഏറ്റവും കൂടുതല്‍ ആദരിക്കുന്നതും നെഞ്ചേറ്റുന്നതും ഞങ്ങള്‍ പ്രവാസിമലയാളികള്‍ ആണെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തില്‍ നിന്നും നിരവധി എഴുത്തുകാരെയും, പത്ര പ്രവര്‍ത്തകരേയും അമേരിക്കന്‍ മലയാളികള്‍ അമേരിക്കയിലെ വിവിധ വേദികളില്‍ എത്തിച്ച് മലയാള ഭാഷയെ ആദരിക്കുമ്പോള്‍ അമേരിക്കന്‍ പ്രവാസി എഴുത്തുകാര്‍ക്കും , പത്ര പ്രവര്‍ത്തകര്‍ക്കും ജന്മനാട്ടില്‍ വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല.ഇത് പ്രവാസി എഴുത്തുകാര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് .കേരളത്തിലെ എഴുത്തുകാരെ പോലെ തന്നെ നിരവധി എഴുത്തുകാര്‍ അവരുടെ ജീവിതത്തിരക്കിനിടയിലും സമയം കണ്ടെത്തി എഴുത്തു മേഖലയില്‍ സജീവമാണ്.

മലയാളത്തെ ആദരിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌കാരം അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ സംഭാവനയാണ് .അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കൂട്ടായ്മയായ ലാന അമേരിക്കയില്‍ നടത്തുന്ന സാഹിത്യ പ്രവര്‍ത്തനങ്ങള്‍ വലിയ മാതൃകയാണ് .ഇവയെല്ലാം മലയാളത്തിന് ഞങ്ങള്‍ നല്‍കുന്ന ഹൃദയം നിറഞ്ഞ സ്‌നേഹമാണ് . മലയാളം സര്‍വ്വകലാശാല തന്റെ അന്‍പത് വര്‍ഷത്തെ കാവ്യജീവിതത്തെ ആദരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജോസഫ് നമ്പിമഠം പറഞ്ഞു. മലയാളത്തെ കേരളം മറന്നാലും ഞങ്ങള്‍ പ്രവാസിമലയാളികള്‍ മറക്കുകയില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എല്‍. സുഷമ ആദ്ധ്യക്ഷ്യം വഹിച്ച പരിപാടി തിരൂര്‍ സബ് കളക്ടര്‍ ദിലീപ് പി കൈനിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ് ആമുഖ പ്രഭാഷണവും , നോവലിസ്റ്റ് ഐ. ആര്‍ പ്രസാദ് മുഖ്യ പ്രഭാഷണവും നടത്തി. കവിയും എഴുത്തുകാരനുമായ ജോസഫ് നമ്പിമഠത്തിന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സുഷമ മൊമെന്റോ നല്‍കി.എഴുത്തുകാരായ കെ.പി. രാമനുണ്ണി,ബി. ഹരികുമാര്‍, അനില്‍ പെണ്ണുക്കര , ഡോ . ബാബുരാജന്‍ .കെ, ഡോ. എം. ജി മല്ലിക എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കുമാരി ലക്ഷ്മി മോഹന്‍ ജോസഫ് നമ്പിമഠത്തിന്റെ തുഞ്ചന്റെ കിളിമകള്‍ എന്ന കവിത വേദിയില്‍ അവതരിപ്പിച്ചു.