വാഷിംഗ്ടണ്‍ ഡി.സി: കാലിഫോര്‍ണിയയിലെ ഫ്രീമോണ്ട് സ്വദേശിയായ പ്രിയ തല്‍റേജക്ക് 2025-ലെ ഫുള്‍ബ്രൈറ്റ്-നാഷണല്‍ ജ്യോഗ്രാഫിക് പുരസ്‌കാരം ലഭിച്ചു. ഈ വര്‍ഷം അമേരിക്കയില്‍നിന്ന് ഈ പുരസ്‌കാരത്തിന് അര്‍ഹരായ അഞ്ച് ഗവേഷകരില്‍ ഒരാളാണ് പ്രിയ. 20,000 ഡോളര്‍ ഫെലോഷിപ്പ് തുക ലഭിക്കുന്ന ഈ അവാര്‍ഡ്, പോര്‍ച്ചുഗലിലെ അസോറസ് ദ്വീപുകളില്‍ സുസ്ഥിര ഗതാഗത പരിഹാരങ്ങള്‍ കണ്ടെത്താനുള്ള പ്രിയയുടെ നഗരാസൂത്രണ ഗവേഷണങ്ങള്‍ക്ക് സഹായകമാകും.

മിഷന്‍ സാന്‍ ജോസ് ഹൈസ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രിയ, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡേവിസ് കാമ്പസില്‍നിന്ന് എന്‍വയോണ്‍മെന്റല്‍ പോളിസി അനാലിസിസ് ആന്‍ഡ് പ്ലാനിംഗില്‍ ബിരുദം നേടി. നിലവില്‍ ന്യൂയോര്‍ക്കില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇലക്ട്രിഫിക്കേഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണ്. ഫെലോഷിപ്പിന്റെ ഭാഗമായി, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ജിയോസ്‌പേഷ്യല്‍ മാപ്പിംഗ് ടൂള്‍ വികസിപ്പിക്കാന്‍ അവര്‍ അസോറസിലെ പ്രാദേശിക സമൂഹങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യമിട്ടുള്ള ദ്വീപുകളുടെ ഗതാഗത പരിവര്‍ത്തനത്തില്‍ ഒരു സമൂഹത്തെയും പിന്നോട്ട് നിര്‍ത്താതിരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

'കൃഷിയും മത്സ്യബന്ധനവും ടൂറിസവും പ്രധാന വരുമാനമാര്‍ഗമായ അസോറസ് ദ്വീപുകള്‍ക്ക് 2050-ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാന്‍ ലക്ഷ്യമുണ്ട്. എന്നാല്‍, ഇപ്പോഴും ഇവിടത്തെ വലിയ മലിനീകരണ സ്രോതസ്സ് ഗതാഗതം തന്നെയാണ്,' പ്രിയ തല്‍റേജ പറഞ്ഞു. 'കാലിഫോര്‍ണിയയില്‍ നിന്ന് ലഭിച്ച അറിവുകള്‍ അസോറസിലെ ആളുകളുടെ പ്രത്യേക ആവശ്യകതകള്‍ക്കനുസരിച്ച് മാറ്റിയെടുക്കാന്‍ ഈ പഠനത്തിലൂടെ എനിക്ക് കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'

പരിസ്ഥിതി മുതല്‍ സാംസ്‌കാരിക നരവംശശാസ്ത്രം വരെയുള്ള വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന അഞ്ച് പേര്‍ക്കാണ് ഈ വര്‍ഷം ഫുള്‍ബ്രൈറ്റ്-നാഷണല്‍ ജ്യോഗ്രാഫിക് പുരസ്‌കാരം ലഭിച്ചത്. നേപ്പാളിലെ തദ്ദേശീയ ചുമട്ടുകാരുടെ ജീവിതത്തെക്കുറിച്ച് പഠിക്കുന്ന അമൃത് താമങ്, മലേഷ്യയില്‍ പരാസിറ്റിക് ഫംഗസുകളെക്കുറിച്ച് പഠിക്കുന്ന കാറ്റി വ്യഹ്നാല്‍, കാനഡയിലെ ആര്‍ട്ടിക് ശബ്ദങ്ങളെക്കുറിച്ച് രേഖപ്പെടുത്തുന്ന കൈറിന്‍ പോളോക്ക്, ടാന്‍സാനിയയിലെ കടലിലെ വെള്ളരിക്കാ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഗവേഷണം ചെയ്യുന്ന ടെയ്ലര്‍ ബ്രാട്ടന്‍ എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍.

ഗവേഷണം, സംരക്ഷണം, കഥപറച്ചില്‍ എന്നിവയിലൂടെ ആഗോള ധാരണ വളര്‍ത്തുന്ന പദ്ധതികള്‍ക്ക് ഫുള്‍ബ്രൈറ്റ്-നാഷണല്‍ ജ്യോഗ്രാഫിക് പുരസ്‌കാരം സാമ്പത്തിക സഹായവും മറ്റ് വിഭവങ്ങളും നല്‍കുന്നു. പുരസ്‌കാരം ലഭിക്കുന്നവര്‍ക്ക് നാഷണല്‍ ജ്യോഗ്രാഫിക് എക്‌സ്‌പ്ലോറേഴ്‌സിന്റെ ആഗോള നെറ്റ്വര്‍ക്കിന്റെ ഭാഗമാകാനും അതുവഴി നിരന്തരമായ പ്രൊഫഷണല്‍ പരിശീലനത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അവസരം ലഭിക്കും.