- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് വര്‍ണാഭമായി
ന്യൂയോര്‍ക്ക്: ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് ഒക്ടോബര്‍ 19 ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ വിപുലമായ പരിപാടികളോടെ നടക്കുകയുണ്ടായി.
സെക്രട്ടറി വിശ്വനാഥന്‍ കുഞ്ഞുപിള്ള സ്വാഗതം ആശംസിക്കുകയും കോഓര്‍ഡിനേറ്റര്‍മാരായ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, ചെറിയാന്‍ വി കോശി, അജീഷ് നായര്‍, വിശാല്‍ വിജയന്‍ എന്നിവരെ പരിചയപ്പെടുത്തുകയും ചെയ്തു. രോഹിത് രാധാകൃഷ്ണന്‍ അമേരിക്കന്‍ ദേശീയഗാനവും ജിയാ രാജേഷ് വന്ദേമാതരവും ആലപിച്ചുകൊണ്ട് പരിപാടികള്‍ക്ക് പ്രാരംഭം കുറിച്ചു.
പ്രസിഡന്റ് ചെറിയാന്‍ വി കോശി ബോട്ട് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തുകയും ക്വീന്‍സില്‍ ഓണത്തിനോടനുബന്ധിച്ചു നടന്ന മത്സര വള്ളം കളിയില്‍ വിജയം വരിച്ച ഭാരത് ബോട്ട് ക്ലബ്ബിന്റെ തുഴച്ചില്‍ക്കാരെ അഭിനന്ദിക്കുകയും ചെയ്തു.
ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സജു എബ്രഹാം ടീമംഗങ്ങളെ അനുമോദിക്കുകയും കൂടുതല്‍ യുവാക്കളെ ടീമിലേക്ക് കൊണ്ടുവരണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്നു പ്രസിഡന്റ് ചെറിയാന്‍ വി കോശി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജു എബ്രഹാം, മുഖ്യാതിഥി ലെജിസ്ലേറ്റര്‍ ഡോ ആനി പോള്‍, സെക്രട്ടറി വിശ്വനാഥന്‍ കുഞ്ഞുപിള്ള, ട്രഷറര്‍ വിശാല്‍ വിജയന്‍, ടീം മാനേജര്‍ സാബു വര്‍ഗീസ്, ടീം ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.
മുഖ്യാതിഥി ഡോ. ആനി പോള്‍ തന്റെ പ്രസംഗത്തില്‍ ഭാരത് ബോട്ട് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ അഭിനന്ദനാര്‍ഹവും സമൂഹത്തിലെ എല്ലാ ആളുകളിലും ഐക്യം ഉണ്ടാകുവാന്‍ ഒരു കാരണമായിത്തീരുമെന്നും പറഞ്ഞു. റോക്കലാന്‍ഡില്‍ ഒരു വള്ളം കളി മത്സരം ഭാരത് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചാല്‍ അതിനു വേണ്ട എല്ലാ സഹായവും ചെയ്തു തരാമെന്ന് അവര്‍ ഉറപ്പ് നല്‍കി.
ജിയ രാജേഷ്, ജയകുമാര്‍, രജനി ജയകുമാര്‍ എന്നിവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ ജയപ്രകാശ് നായര്‍ ഒരു കവിതയുമായി രംഗത്തു വന്നു. ന്യൂജേഴ്‌സിയില്‍ നിന്നുള്ള പ്രഭ ഹരിയും ടീമും, ഗീതാഞ്ജലി വിശാല്‍, ശില്‍പ്പ രാധാകൃഷ്ണന്‍, ഇവാനിയ, അമേലിയ എന്നിവരുടെ നൃത്തനൃത്യങ്ങളും സദസ്സിന്റെ മനം കവര്‍ന്നു.
നടന്‍, മിമിക്രി കലാകാരന്‍, നാടന്‍ പാട്ടുകാരന്‍ എന്നീ നിലകളില്‍ സുപ്രസിദ്ധനായ വിപിന്‍ കുമാര്‍ കാഴ്ച്ച വെച്ച പരിപാടികളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതായിരുന്നു. അദ്ദേഹവും രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയും ചേര്‍ന്ന് കലാഭവന്‍ മണിയെ അനുസ്മരിച്ചുകൊണ്ട് പാടിയ നാടന്‍ പാട്ടുകള്‍ വളരെ ഹൃദ്യമായിരുന്നു.
രോഹിത് രാധാകൃഷ്ണന്‍, നവനീത് കൃഷ്ണരാജ്, ദേവ് ജയകുമാര്‍, ധീരജ് ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ മ്യൂസിക്കല്‍ ബാന്റ് വളരെ മികച്ചതായിരുന്നു.
നാട്ടിലും അമേരിക്കയിലും മത്സര വള്ളം കളികളില്‍ പങ്കെടുത്തിട്ടുള്ള ഫ്രാന്‍സിസ് എബ്രഹാമിനെ വിശാല്‍ വിജയന്‍ സദസിനു പരിചയപ്പെടുത്തുകയും, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സജു എബ്രഹാം അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച റാഫിള്‍ നറുക്കെടുപ്പില്‍ ജോണ്‍ കുസുമാലയം, സുരേഷ് നായര്‍, സ്‌പോണ്‍സര്‍ കൂടിയായ ഗ്ലോബല്‍ കൊളിഷനിലെ ചാക്കോ, ഹരികൃഷ്ണന്‍ സി നായര്‍, കാശിനാഥന്‍ നായര്‍ എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ നേടി. മലയാളികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ കോങ്കേഴ്‌സിലുള്ള ഗ്ലോബല്‍ കൊളീഷന്‍ ആന്‍ഡ് ബോഡി വര്‍ക്‌സ് ആയിരുന്നു പ്രധാന സ്‌പോണ്‍സര്‍.
ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയുടെ നേതൃത്വത്തില്‍ ഭാരത് ബോട്ട് ക്ലബ്ബിന്റെ ടീമിന്റെ വഞ്ചിപ്പാട്ട് പരിപാടികള്‍ക്ക് മാറ്റുകൂട്ടി. ജോയിന്റ് സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടിക്കലിന്റെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം എല്ലാവരും ചേര്‍ന്നുള്ള ഭാരതത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു. രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയും ഗീതാഞ്ജലി വിശാലും എം സി മാരായി പ്രവര്‍ത്തിച്ചു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍