- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
വിശ്വസാഹോദര്യ സന്ദേശമുയര്‍ത്തി അമേരിക്കന്‍ ഹിന്ദു ഏകതാ സമ്മേളനം

(സുരേന്ദ്രന്‍ നായര്‍ : കെ.എച്ച്.എന്‍.എ ന്യൂസ് മീഡിയ )
ഭാരതത്തില്‍ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഹൈന്ദവ ഐക്യ പ്രസ്ഥാനത്തിന്റെ ഭാഗമായി, Kerala Hindus of North America (KHNA) ഓണ്‍ലൈന്‍ മുഖേന സംഘടിപ്പിച്ച അമേരിക്കന്‍ ഹിന്ദു ഏകതാ സമ്മേളനം, അന്‍പതിലധികം ഹിന്ദു കൂട്ടായ്മകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
സനാതനധര്‍മ്മത്തിന്റെ ബൗദ്ധികവും സര്‍വ്വലൗകികവുമായ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രജ്ഞ പ്രവാഹിന്റെ അഖില ഭാരത സംയോജകന്‍ ശ്രീ ജെ. നന്ദകുമാര്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. 1893-ല്‍ ചിക്കാഗോയില്‍ നടന്ന സര്‍വമത സമ്മേളനത്തില്‍ ''സഹോദരീ സഹോദരന്മാരെ'' എന്ന വിപ്ലവാത്മക അഭിവാദ്യത്തോടെ ലോകത്തെ വിസ്മയിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. ഹിന്ദു മതം ലോകമതങ്ങളുടെ മാതാവാണെന്നും ''വസുധൈവ കുടുംബകം'' എന്ന ഭാരതീയ ദര്‍ശനം ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ ഒരു കുടുംബമായി കാണുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമരകാലത്ത് നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിന്ന് അകലെയായിരുന്നെങ്കിലും, സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നിലനിര്‍ത്താന്‍ കഴിയുന്ന ജാഗ്രതയുള്ള യുവതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ ഐതിഹാസിക പ്രവര്‍ത്തനങ്ങളെ നന്ദകുമാര്‍ വിശദീകരിച്ചു. വിവേകാനന്ദ ദര്‍ശനങ്ങളില്‍ പ്രചോദിതനായി സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയില്‍ എത്തിയ മഹര്‍ഷി അരവിന്ദന്റെ ''ഉത്തരപ്പാറ പ്രസംഗം'' അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാരതത്തിന്റെ ഉണര്‍വ് ലോകത്തിനായാണെന്നും, ദേശീയത്വം ഭാരതത്തിന് വെറും രാഷ്ട്രീയമല്ല സനാതനധര്‍മ്മത്തിന്റെ തത്വസംഹിതയാണെന്നും അരവിന്ദന്‍ പറഞ്ഞതിനെ അദ്ദേഹം ഉദ്ധരിച്ചു.
സനാതനധര്‍മ്മം എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍വ്വലൗകിക മതമാണെന്നും, അതിന്റെ ക്ഷയം ഭാരതത്തെയും ലോകക്രമത്തെയും ബാധിക്കുമെന്നും മഹര്‍ഷി അരവിന്ദന്‍ മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും ദര്‍ശനങ്ങളില്‍ പ്രചോദിതരായി ലക്ഷക്കണക്കിന് യുവാക്കള്‍ കര്‍മ്മനിരതരായതിന്റെ ഫലമാണ് ഇന്നത്തെ ഭാരതത്തിന്റെ ഉണര്‍വും ലോകനേതൃത്വത്തിലേക്കുള്ള യാത്രയുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
വൈദേശിക ആധിപത്യകാലത്ത് നഷ്ടപ്പെട്ട സാംസ്‌കാരിക പൈതൃകങ്ങളും ചരിത്രസാക്ഷ്യങ്ങളും വീണ്ടെടുക്കുന്ന ദേശീയ മുന്നേറ്റങ്ങളില്‍, സ്വാതന്ത്ര്യസമരകാലത്ത് വിദേശത്തിരുന്ന് ഇന്ത്യയെ പിന്തുണച്ച നേതാജി സുഭാഷ് ചന്ദ്രബോസ്, വീര സാവര്‍ക്കര്‍ തുടങ്ങിയവരെപ്പോലെ ഇന്നത്തെ പ്രവാസ ഇന്ത്യക്കാരും മാതൃഭൂമിയോടൊപ്പം നില്‍ക്കണമെന്ന് നന്ദകുമാര്‍ അഭ്യര്‍ത്ഥിച്ചു. ''ഏകം സത് വിപ്രാ ബഹുധാ വദന്തി'' എന്ന സനാതന സങ്കല്‍പ്പം എല്ലാ മതങ്ങളും അംഗീകരിച്ചാല്‍ ലോകത്തിലെ മതകലഹങ്ങള്‍ അവസാനിക്കുമെന്ന പ്രത്യാശയോടെയാണ് അദ്ദേഹം പ്രഭാഷണം ഉപസംഹരിച്ചത്.
അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നായി സമ്മേളനത്തില്‍ പങ്കെടുത്ത സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ സ്വാഗതം ചെയ്തു. വിഭാഗീയതകള്‍ക്കും ജാതിവിവേചനങ്ങള്‍ക്കും അതീതമായ ഹൈന്ദവ ഐക്യത്തിനായി KHNA മുന്‍കൈയെടുക്കുമെന്നും, എല്ലാ സംഘടനകളും അതിനൊപ്പം കൈകോര്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ആശംസകള്‍ അറിയിച്ചു. ന്യൂയോര്‍ക്കിലെ ആദ്യകാല ഹൈന്ദവ സംഘടനയായ മലയാളി ഹിന്ദു മണ്ഡലം (മഹിമ) പ്രസിഡന്റ് രഞ്ജിത്ത് നായര്‍, ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗീതാമണ്ഡലത്തിനുവേണ്ടി ജോയിന്റ് സെക്രട്ടറി ബിജു കൃഷ്ണന്‍, കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്സി (KHNJ) പ്രസിഡന്റ് രഞ്ജിത്ത് പിള്ള, KHNA മിഷിഗണ്‍ പ്രസിഡന്റ് ധനുഷ് കൊണ്ടോത്തു, സൗത്ത് ഫ്‌ലോറിഡ ഹിന്ദു കൂട്ടായ്മയായ KHSF പ്രസിഡന്റ് അഭിജിത് പഴയിടം, കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയെ പ്രതിനിധീകരിച്ച് ജയശങ്കര്‍ പിള്ള എന്നിവര്‍ സംസാരിച്ചു.
സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നന്ദകുമാര്‍ മറുപടി നല്‍കി. തുടര്‍ന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വനജ നായര്‍ അനുമോദന സന്ദേശം നല്‍കി.
മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ നിയന്ത്രിച്ച സമ്മേളനത്തില്‍ അനുശ്രീ ജയേഷ് ഈശ്വരപ്രാര്‍ത്ഥന ആലപിക്കുകയും, സെക്രട്ടറി സിനു നായര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഏകതാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് അനഘ വാര്യര്‍, നന്ദകുമാര്‍ ചക്കിങ്കല്‍, സുരേഷ് (മിന്നസോട്ട), സുധ കര്‍ത്ത, ശ്രീജിത്ത് ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


