ന്യൂ യോര്‍ക്ക്: വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സ് 2025 ഒക്ടോബര്‍ 9,10,11 തീയതികളില്‍ ന്യൂ ജേഴ്‌സിയിലെ എഡിസണ്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് നടത്തപ്പെടും.

കോണ്‍ഫറന്‍സ് വേദിയായ ഷെറാട്ടണ്‍ ഹോട്ടല്‍ ജനറല്‍ മാനേജരായ ജാസ്സി സിങ്ങും ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ്, പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ എന്നിവരുമായി ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ സാംസ്‌കാരിക നേതാക്കളും, കമ്മ്യൂണിറ്റി നേതാക്കന്മാരും, , വ്യാപാരി വ്യവസായികളും വേദി സന്ദര്‍ശിക്കുകയും ആവശ്യമായ ഒരുക്കങ്ങളെപ്പറ്റി ചര്‍ച്ച നടത്തുകയും ചെയ്തു. ഐ. പി. സി. എന്‍. എ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറര്‍ ബിനു തോമസും മറ്റു ഭാരവാഹികളും ആണ് കോണ്‍ഫെറെന്‍സിന്റെ ആതിഥേയത്വം വഹിക്കുന്നത്.

30 ശതമാനത്തിലേറെ ഇന്ത്യാക്കാരുള്ള അമേരിക്കയിലെ ഏക നഗരമാണ് എഡിസണ്‍. എഡിസണ്‍ മേയര്‍ സാം ജോഷി യുവാവായ ഇന്ത്യാക്കാരനാണ്. എന്തുകൊണ്ടും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കോണ്‍ഫറന്‍സ് നടത്താന്‍ അനുയോജ്യമാണ് ഈ വേദി എന്ന് മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും അഭിപ്രായപ്പെട്ടു, മാത്രവുമല്ല ന്യൂവാര്‍ക്ക് അന്താരഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 20 മിനിറ്റ് മാത്രം അകലയെയാണ് ഈ ഹോട്ടല്‍ സമുച്ചയം നില കൊള്ളുന്നത്. അമേരിക്കന്‍ മണ്ണിലെ മലയാള മാധ്യമപ്രവര്‍ത്തക കൂട്ടായ്മയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും 11-ാം മത് കോണ്‍ഫെറെന്‍സ് എന്ന് വിലയിരുത്തുന്നു.

2006 വര്‍ഷത്തില്‍ ആദ്യമായി എളിയ രീതിയില്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സ് ഇന്ന് വളര്‍ന്നു പന്തലിച്ചു എന്നത് അഭിമാനകരമാണ്. അന്ന് മുഖ്യ പ്രഭാഷകനായി വന്നത് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആയിരുന്ന തോമസ് ജേക്കബ് ആയിരുന്നു . മലയാള മാധ്യമ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തോടൊപ്പം, അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രചോദനം ആകുന്ന ഒരു കോണ്‍ഫെറെന്‍സ് ആയിരിക്കും ഇത്. കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാരയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ രംഗത്തെ അതികായരെയും പങ്കെടുപ്പിച്ചും കൊണ്ടാണ് ഇത്തവണയും കോണ്‍ഫറന്‍സ് നടക്കാന്‍ പോകുന്നത്. ന്യു ജേഴ്സിയില്‍ മുന്‍പ് മൂന്നു തവണ കണ്‍വെന്‍ഷന്‍ വ്യത്യസ്ത വേദികളില്‍ നടന്നിട്ടുണ്ട്. അവയിലെല്ലാം വലിയ ജനപങ്കാളിത്തവും ലഭിച്ചിരുന്നു. ട്രൈസ്റ്റേറ്റ് മേഖലയില്‍ നിന്നും വാഷിംഗ്ടണില്‍ നിന്നുമൊക്കെ ഡ്രൈവ് ചെയ്തു എത്താന്‍ പറ്റുന്നതാണ് വേദി.

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള , മുന്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ്, മുന്‍ ട്രെഷറര്‍ ജോര്‍ജ് തുമ്പയില്‍, ഐ. പി. സി. എന്‍. എ ഫിലാഡല്‍ഫിയ പ്രസിഡന്റ് അരുണ്‍ കോവാട്ട്, ന്യൂ യോര്‍ക്ക് അംഗം ജോണ്‍സന്‍ ജോര്‍ജ് എന്നീ മാധ്യമ പ്രവര്‍ത്തകര്‍, ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ഫോമാ നാഷണല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ഫൊക്കാന മുന്‍ പ്രസിഡന്റ്‌റ് പോള്‍ കറുകപ്പിള്ളില്‍, ഫോമാ മുന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഫോമാ മുന്‍ സെക്രട്ടറി ജിബി മോളോപറമ്പില്‍, സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്തെ പ്രമുഖരായ സണ്ണി വാണിയപ്ലാക്കല്‍, സജി മാത്യു, മിത്രാസ് പ്രസിഡന്റ് രാജന്‍ ചീരന്‍, ജിഷോ തോമസ്, പ്രമുഖ വ്യവസായിയും സംരഭകനുമായ നോഹ ജോര്‍ജ് ഗ്ലോബല്‍ കൊളീഷന്‍ എന്നിവരും വേദി കാണാനെത്തി. ഈ വര്‍ഷത്തെ പ്ലാറ്റിനം ഇവന്റ് & മെയിന്‍ സ്‌പോണ്‍സര്‍ സാജ് ഏര്‍ത് റിസോര്‍ട്ടിന്റെ ഉടമകളായ സാജന്‍ വര്ഗീസും മിനി സാജനുമാണ്

ഓരോ കോണ്‍ഫെറെന്‍സുകളും ഒന്നിനൊന്നു മികച്ചു നിന്ന പാരമ്പര്യമാണ് പ്രസ് ക്ലബിനുള്ളതെന്ന് പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ ചൂണ്ടിക്കാട്ടി. ഇപ്രാവശ്യവും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് തങ്ങള്‍ കരുതുന്നത്. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ജനുവരിയില്‍ കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ പ്രസ് ക്ലബിന്റെ മാധ്യമശ്രീ, മാധ്യമര്തന, പയനിയര്‍, മീഡിയ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങു വന്‍ വിജയമായി തീര്‍ന്നു. അതുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ വന്നുവെങ്കിലും അത് സമ്മേളനത്തെ ബാധിച്ചില്ലെന്ന് മാത്രമല്ല കൂടുതല്‍ ജനശ്രദ്ധ ലഭിക്കാന്‍ കാരണമാവുകയും ചെയ്തു എന്ന് നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ടെലിവിഷന്‍ ചാനലുകളുടെ പുരസ്‌കാരവേദിക്കൊപ്പം കിട പിടിച്ച ഈ അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഏറ്റവും നല്ല അഭിപ്രായമാണുണ്ടായത്. കേരളത്തില്‍ ഇത്തരത്തിലൊരു പുരസ്‌കാര വേദി ഒരുക്കുന്നത് വളരെ അധികം ശ്രമകരമാണെങ്കിലും ഇത് ഭംഗിയായി നടത്തിയതിന് എല്ലാവരും ഒന്നടങ്കം നന്ദി പറയുകയുണ്ടായി.

എല്ലാം കൊണ്ടും വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയോജനം നല്കുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകള്‍ ആണ് ഈ വര്‍ഷത്തെ കോണ്‍ഫെറെന്‍സില്‍ വിഭാവനം ചെയ്യുന്നതെന്ന് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, നിയുക്ത പ്രസിഡന്റ് (2026-27) രാജു പള്ളത്തു എന്നിവര്‍ പറഞ്ഞു. അവയ്ക്ക് അന്തിമ രൂപം നല്‍കി വരുന്നു. ഹോട്ടല്‍ ബുക്കിംഗിനും രജിസ്‌ട്രേഷനുമുള്ള വെബ്സൈറ്റ് ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് അവര്‍ അറിയിച്ചു. ഈ വര്‍ഷത്തെ കോണ്‍ഫെറെന്‍സിനും കേരളത്തില്‍ നിന്നുള്ള ഏറ്റവും പ്രമുഖരായ മുതിര്‍ന്ന മാധ്യമപ്രവര്‍കാരും, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും എന്നും ട്രഷറര്‍ വിശാഖ് ചെറിയാന്‍, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറര്‍ റോയ് മുളകുന്നം എന്നിവരും അഭിപ്രായപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.