ന്യൂജഴ്സി : പുതുവര്‍ഷത്തിലെ ആദ്യ പരിപാടി ഗംഭീരമാക്കി കാന്‍ജ്, കേരള അസോസിയേഷന്‍ ഓഫ് ന്യൂജഴ്സി (കാന്‍ജ്) സംഘടിപ്പിച്ച 2026 ന്യൂ ഇയര്‍-റിപ്പബ്ലിക് ഡേ സംയുക്ത ആഘോഷം ന്യൂജഴ്സിയിലെ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും അവഗണിച്ച് എത്തിയ വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഘടനയുടെ 2026-ലെ ആദ്യ ഔദ്യോഗിക പരിപാടിയെന്ന നിലയില്‍ നടന്ന ചടങ്ങ് വിപുലമായ പരിപാടികളോടെയാണ് അരങ്ങേറിയത്.

ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയഗാനം ആലപിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയില്‍, പുതുവര്‍ഷവും റിപ്പബ്ലിക് ദിനവും ഒരുമിച്ച് ആഘോഷിച്ചു. ഇതോടൊപ്പം 2026-ലെ കാന്‍ജിന്റെ പുതിയ നേതൃത്വത്തെയും ഭാരവാഹികളെയും സദസ്സിന് ഔദ്യോഗികമായി പരിചയപ്പെടുത്തി.

പ്രസിഡന്റ് വിജയ് നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി ജോര്‍ജി സാമുവല്‍, ട്രഷറര്‍ ഖുര്‍ഷിദ് ബഷീര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി പരിപാടിക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടന്‍, ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദ്, ജോയിന്റ് ട്രഷറര്‍ ദയ ശ്യാം, മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ചുമതലയുള്ള അസ്ലം ഹമീദ്, സ്‌പോര്‍ട്‌സ് അഫയേഴ്‌സ് അനൂപ് മാത്യൂസ് രാജു, ഐടി ഓഫീസര്‍ നിധിന്‍ ജോയ് ആലപ്പാട്ട്, പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് രേഖ നായര്‍, ചാരിറ്റി അഫയേഴ്‌സ് ജയകൃഷ്ണന്‍ എം. മേനോന്‍, കള്‍ച്ചറല്‍ അഫയേഴ്‌സ് രേഖ പ്രദീപ്, യൂത്ത് അഫയേഴ്‌സ് ശ്രീകുമാര്‍ കെ.എസ്., എക്‌സ്-ഓഫീഷ്യോ സോഫിയ മാത്യു എന്നിവരാണ് പുതുതായി ചുമതലയേറ്റ മറ്റ് ഭാരവാഹികള്‍.

KANJ 'Got Talent' വേദികളിലൂടെ കഴിവ് തെളിയിച്ച കുട്ടികളുടെ കലാപ്രകടനങ്ങള്‍ സദസ്സില്‍ ആവേശം പകര്‍ന്നു. റിപ്പബ്ലിക് ദിന സന്ദേശവുമായി ഡോ. സന്തോഷ് കുമാര്‍ നടത്തിയ പ്രഭാഷണം ചടങ്ങിന്റെ മറ്റൊരു ശ്രദ്ധേയ ഘടകമായി. ശാസ്ത്രീയ ബോധം വളര്‍ത്തുന്നതിന്റെ പ്രാധാന്യവും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ശാസ്ത്രാത്മക ചിന്താധാരകളും അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു.

2026-ലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അവരുടെ ഫോക്കസ് ഗ്രൂപ്പ് ടീമുകളെയും ചടങ്ങില്‍ സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് മ്യൂസിഫൈ ഫിലി അവതരിപ്പിച്ച സംഗീത സദസ്സ് ഹാളിനെ ആവേശം കൊള്ളിച്ചു,വര്‍ഷം മുഴുവന്‍ സംഘടിപ്പിക്കാനിരിക്കുന്ന വിവിധ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചുകൊണ്ടാണ് ന്യൂ ഇയര്‍-റിപ്പബ്ലിക് ഡേ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചത്.