ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവം 2024 ന്യൂയോര്‍ക്കിലെ അക്ഷരനഗരിയില്‍വച്ചു (Kerala Center, 1824 Fairfax St, Elmont, NY 11003) കേരളപ്പിറവി ദിനമായ നവമ്പര്‍ 1 മുതല്‍ 3 വരെ നടത്തപ്പെടുന്നു.

അമേരിക്കയുടെയും ക്യാനഡയുടേയും വിവിധ പ്രദേശങ്ങളില്‌നിന്നും എത്തിച്ചേരുന്ന മലയാള സാഹിത്യപ്രേമികള്‍ സമ്മേളിക്കുന്ന ഈ സാഹിത്യോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരന്‍ ഇ. സന്തോഷ്‌കുമാര്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നു. ജ്ഞാനഭാരം, അന്ധകാരനഴി തുടങ്ങിയ നോവലുകള്‍ കൊണ്ട് മലയാള മനസ്സില്‍ പ്രത്യേക ഇടം നേടിയ എഴുത്തുകാരനാണ് ഇ. സന്തോഷ്‌കുമാര്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ 2006 ലും 2012 ലും ലഭിച്ചു. ഡോ. ചന്ദ്രഹാസന്‍, ഡോ. ജെ .ദേവിക, ഡോ. നിഷി ലീല ജോര്‍ജ്ജ്, സ്റ്റാലിനാ തുടങ്ങിയ എഴുത്തുകാര്‍ വിവിധ സമ്മേളങ്ങളില്‍ പങ്കെടുക്കും.

നവംമ്പര്‍ 1 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ഉത്ഘാടനസമ്മേളനം, തുടര്‍ന്ന് കവിയരങ്ങ്, സ്വന്തം കവിതകള്‍ അവതരിപ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും. അതിനുശേഷം സിനിമ വര്‍ത്തമാനം, നടനും സംവിധായകനുമായ ഡോ. ചന്ദ്രദാസന്റെ നേതൃത്വത്തില്‍ ദൃശ്യാവിഷ്‌കാരങ്ങളിലെ പുതു പ്രവണതകള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച. നവംമ്പര്‍ 2 ശനിയാഴ്ച്ച, മുന്‍ ലാന പ്രവര്‍ത്തകരായിരുന്ന എം. എസ്.ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, റീനി മമ്പലം എന്നിവരെ അനുസ്മരിക്കുന്ന സ്മരണാഞ്ജലി. തുടര്‍ന്ന് ഡോ .ജെ ദേവികയുടെ നേതൃത്വത്തില്‍ കവിത, ലിംഗസമത്വം, വിവര്‍ത്തനം എന്ന വിഷയത്തില്‍ സംവാദം.സമകാലീന മലയാള ചെറുകഥ, അമേരിക്കന്‍ മലയാള കഥകള്‍ കഥാബീജങ്ങള്‍, രചനയിലെ ആത്മ സംഘര്‍ഷങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്ര ചര്‍ച്ചകള്‍, കഥയെഴുത്തുകാരുടെ പ്രതിസ്പന്ദനം. നിര്‍മ്മിതബുദ്ധി - രചനാ സാധ്യതകളും സന്ദേഹങ്ങളും, യാത്രയും സാഹിത്യവും, മലയാള എഴുത്തിന്റെ അമേരിക്കന്‍ ഭാവി, എഴുത്തിടത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധാവതരണം.

പുതുകാല നോവലുകളുടെ സൗന്ദര്യ ശാസ്ത്രവും ഭാഷയും, മലയാള നോവലുകളിലെ പ്രവാസ പരിസരങ്ങള്‍ എന്നുതുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച. നവ മാധ്യമരീതികളിലെ രാഷ്ട്രീയ ശരികളും നിഴലെഴുത്തും എന്ന വിഷയത്തില്‍ മാധ്യമ വിചാരം. വൈകിട്ട് സമാപന സമ്മേളനം.. ലാനയുടെ 8 മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും . തുടര്‍ന്ന് പുസ്തകപ്രകാശനങ്ങള്‍. ഭരതകാല & കെ . എല്‍. എസ് ഡാളസ് അവതരിപ്പിക്കുന്ന ഹാസ്യ നാടകം അരങ്ങേറും.

അമേരിക്കന്‍ കുടിയേറ്റഭൂമിയിലെ മലയാള ഭാഷയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരുപിടിസാഹിത്യ സ്‌നേഹികളുടെ കൂട്ടായ്മയാണ് ലാന. കഴിഞ്ഞ 25 വര്‍ഷമായി നോര്‍ത്ത് അമേരിക്കയില്‍ മലയാളഭാഷയുടെ ചൈതന്യത്തെ തുടിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാണ് ഈ സാഹിത്യോത്സവം.ലാന പ്രസിഡണ്ട് ശങ്കര്‍ മന യുടെ നേതൃത്വത്തില്‍ മനോഹര്‍ തോമസ് (ചെയര്‍മാന്‍), ജെ . മാത്യൂസ് (വൈസ് ചെയര്‍), ജെക്കബ് ജോണ്‍ (ജനറല്‍ കണ്‍വീനര്‍), സാംസി കൊടുമണ്‍ (ട്രെഷറര്‍) , നിര്‍മ്മല ജോസഫ്, സന്തോഷ് പാലാ എന്നിവര്‍ അടങ്ങിയ ന്യൂയോര്‍ക്ക് റീജിണല്‍ കമ്മിറ്റി സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കും.