സജി എബ്രഹാം, ന്യൂ യോര്‍ക്ക്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ റാന്നി എം .എല്‍.എ പ്രമോദ് നാരായണ്‍ കേരള രാഷ്ട്രീയ രംഗത്തിന്റെ പ്രതിനിധിയായി പങ്കെടുക്കും. പാലക്കാട് എം പി. വി.കെ ശ്രീകണ്ഠനാണ് മറ്റൊരു പ്രതിനിധി. ഒക്ടോബോര്‍ 9, 10, 11 തീയ്യതികളില്‍ ന്യൂജേഴ്സി-എഡിസണ്‍ ഷെറാട്ടണ്‍ ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ചാണ് മാധ്യമ സമ്മേളനം നടക്കുന്നത്.

മികച്ച വാഗ്മിയും എഴുത്തുകാരനുമാണ് അഭിഭാഷകനായ പ്രമോദ് നാരായണന്‍. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മാറ്റങ്ങളെപ്പറ്റി ആധികാരികമായി സംസാരിക്കുന്ന അദ്ദേഹം മാധ്യമങ്ങള്‍ക്ക് ഈ കാര്യങ്ങളിലുള്ള പങ്കാളിത്തവും എടുത്തുകാട്ടും.

2021-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ റിങ്കു ചെറിയാനെ 1,285 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.കേരള കോണ്‍ഗ്രസ് (എം) ന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ പി. കെ. ബാലകൃഷ്ണപിള്ള സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല അംഗവുമായിരുന്നു.

പ്രമോദ് നാരായണ്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗമായാണ്. കേരള യൂണിവേഴ്‌സിറ്റിയുടെ യൂണിയന്‍ ജനറല്‍ സെക്രട്ടറിയും സെനറ്റ് അംഗവുമായിരുന്നു . ഇന്റര്‍ സ്‌കൂള്‍ കൗണ്‍സിലിന്റെ ആദ്യ സംസ്ഥാന ചെയര്‍മാനുമായിരുന്നു.

ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു നാരായണ്‍. അദ്ദേഹത്തിന്റെ സാന്നിധ്യം പ്രസ് ക്ലബ് സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്ക് എരിവും പുളിയും പകരുമെന്നതില്‍ സംശയമില്ല