ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 22-ാം തീയതി ശനിയാഴ്ച ഫിലഡല്‍ഫിയയിലെ കാന്‍സ്റ്റാറ്റര്‍ വോള്‍ക്‌സ്‌ഫെസ്റ്റ് വെറൈന്‍ (Cannstatter), 9130 Academy Road, PA 19114 ഓഡിറ്റോറിയത്തില്‍നടത്തപ്പെടുമെന്ന് സംഘാടക സമിതി അറിയിച്ചു.

ഫോറം ചെയര്‍മാന്‍ ലീനോ സ്‌കറിയയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ ഒരുക്കുന്നത്. ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്, ട്രഷറര്‍ രാജന്‍ സാമുവേല്‍ എന്നിവരും സംഘാടക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഓണം ചെയര്‍മാനായി ബിനു മാത്യുവും കേരള ഡേ ചെയര്‍മാനായി തോമസ് പോളും നേതൃത്വ നിരയില്‍ പ്രവര്‍ത്തിക്കുന്നു.

എക്സിക്യൂട്ടീവ് വൈസ് ചെയര്‍ന്‍മാരായി വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ്ജ് ഓലിക്കല്‍, അലക്സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോണ്‍, ഫീലിപോസ് ചെറിയാന്‍, ജീമോന്‍ ജോര്‍ജ്, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു (ഓണാഘോഷ ചെയര്‍മാന്‍), സുമോദ് നെല്ലിക്കാല (പി.ആര്‍.ഒ), റോണി വറുഗീസ് , (പ്രോഗ്രാം കോഡിനേറ്റര്‍), ജോര്‍ജ്ജ് നടവയല്‍ (അവാര്‍ഡ് കമ്മറ്റി), സാജന്‍ വറുഗീസ്, (ഐ.റ്റി കോഡിനേറ്റര്‍), അനൂപ് അനു (സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍), ദിലീപ് ജോര്‍ജ്ജ് (സ്പോര്‍ട്സ്), ജോണ്‍ പണിക്കര്‍ (ഓഡിറ്റര്‍) എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രെവര്‍ത്തിക്കുന്നു.

വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക ഘോഷയാത്ര, ഓണസദ്യ തുടങ്ങിയവ ഉള്‍പ്പെടുത്തി വിപുലമായ ആഘോഷ പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും ഐക്യവും ഉയര്‍ത്തിക്കാട്ടുന്ന ഈ മഹോത്സവം ലോകോത്തര നിലവാരത്തില്‍ എത്തിക്കാന്‍ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന് മുന്‍കാലങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്.

മലയാളികളുടെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവമായ ഓണം, സമത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മഹാബലി രാജാവിന്റെ സ്മരണയിലാണ് ആഘോഷിക്കുന്നത്. മഹാബലി രാജാവിന്റെ ഭരണകാലത്ത് കേരളം സമൃദ്ധിയുടെയും സമത്വത്തിന്റെയും നാടായിരുന്നു. മഹാബലിയെ പാതാളത്തിലേക്ക് അയച്ചെങ്കിലും, വര്‍ഷത്തില്‍ ഒരിക്കല്‍ തന്റെ ജനങ്ങളെ സന്ദര്‍ശിക്കാന്‍ മഹാബലിക്ക് അനുമതി ലഭിച്ചു എന്ന ഐതിഹാസിക കഥയാണ് ഓണാഘോഷത്തിന്റെ അടിസ്ഥാനം.

ഈ സന്ദര്‍ശനത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ പൂക്കളമൊരുക്കി, ഓണസദ്യ ഒരുക്കി, വടം വലി, വള്ളംകളി, തിരുവാതിര, പുലിക്കളി തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ച് ആഘോഷിക്കുന്നു. അതേ ആവേശത്തോടെയും പാരമ്പര്യത്തോടെയും ട്രൈസ്റ്റേറ്റ് കേരള ഫോറവും ഈ വര്‍ഷം വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്.

വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക ഘോഷയാത്ര, ആകര്‍ഷകമായ ഓണസദ്യ എന്നിവയോടെ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ഉയര്‍ത്തിക്കാട്ടുന്ന ഈ മഹോത്സവത്തില്‍ ഏവരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

സുമോദ് തോമസ് നെല്ലിക്കാല