ന്യൂയോര്‍ക്ക്: 1981-ല്‍ നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ രൂപീകരിക്കുന്നതിന് സജീവമായി പ്രവര്‍ത്തിക്കുകയും പിന്നീട് പ്രസിഡന്റായും സേവനമനുഷ്ടിക്കുകയും ചെയ്ത, സമുദായാചാര്യന്‍ ശ്രീ മന്നത്ത് പത്മനാഭന്റെ ഏക മകളുടെ മകന്‍ ഡോ വിജയശങ്കറിന്റെ നിര്യാണത്തില്‍ ഡിസംബര്‍ 21 ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് അസ്സോസിയേഷന്റെ ആസ്ഥാനത്ത്

അനുശോചന യോഗം ചേര്‍ന്നു. അദ്ധ്യക്ഷന്‍ പ്രസിഡന്റ് ക്രിസ് തോപ്പില്‍ പ്രസംഗിച്ചു. ട്രഷറര്‍ രാധാമണി നായര്‍ ഭക്തിസാന്ദ്രമായി പ്രാര്‍ത്ഥനാഗാനം ആലപിച്ചു.

സെക്രട്ടറി രഘുവരന്‍ നായര്‍ സ്വാഗതം ആശംസിക്കുകയും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ 25-ാം വാര്‍ഷികത്തില്‍ അവതരിപ്പിച്ച ലഘുലേഖനം വായിച്ചുകൊണ്ട് വിജയശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ പ്രസിഡന്റ് ശ്രീ വിക്രമന്‍ നടത്തിയ പ്രസംഗം പുതുതലമുറയ്ക്ക് ആവേശം പകരുന്നതായിരുന്നു. സംഘടനയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിക്രമന്റെ വസതിയില്‍ ഡോ വിജയശങ്കര്‍ സന്നിഹിതനായിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. അന്ന്, മുന്‍ പ്രസിഡന്റും ഹൈന്ദവരുടെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചുനടത്തുന്ന പാര്‍ത്ഥസാരഥി പിള്ളയുടെ ഭജനാലാപനവും മറ്റും എടുത്തു പറയുകയും, അന്നുമുതല്‍ പുതിയ ആളുകള്‍ രംഗത്തേക്ക് കടന്നുവരികയും എന്‍.ബി.എ.ക്ക് ഒരു ആസ്ഥാനമുണ്ടാകുന്നതില്‍ പ്രസിഡന്റായിരുന്ന കോമളന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനവും, കോവിഡ് കാലഘട്ടത്തോടെ നാശോന്മുഖമായിക്കൊണ്ടിരുന്ന ആസ്ഥാന മന്ദിരം പുനര്‍നിര്‍മ്മാണം നടത്തി ഇപ്പോള്‍ കാണുന്ന രീതിയില്‍ ഭംഗിയാക്കുന്നതിന് മുന്‍ പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ നടത്തിയ സേവനവുമെല്ലാം ഐക്യത്തിന്റെ പ്രതീകമായിരുന്നുവെന്ന് എടുത്തുപറയുകയുണ്ടായി.

ട്രസ്റ്റീ ബോര്‍ഡ് റിക്കോര്‍ഡിംഗ് സെക്രട്ടറിയും മുന്‍ പ്രസിഡന്റുമായ ജി.കെ.നായര്‍, എന്‍.ബി.എ.യുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രവര്‍ത്തനങ്ങളില്‍ വിജയശങ്കര്‍ പ്രകടിപ്പിച്ച താത്പര്യവും മറ്റും എടുത്തുപറഞ്ഞ് സംഘടനയുടെ വളര്‍ച്ചയിലുള്ള അദ്ദേഹത്തിന്റെ സന്തുഷ്ടിയുമൊക്കെ വിവരിച്ചു. ഡോ. ചന്ദ്രമോഹന്‍ വിജയശങ്കറോടൊപ്പം എന്‍.ബി.എ.യില്‍ പ്രവര്‍ത്തിച്ചതു കൂടാതെ ആതുരസേവന രംഗത്തും സഹപ്രവര്‍ത്തകരായിരുന്നുവെന്നും സഹജീവികളോടുള്ള വിജയശങ്കറിന്റെ അനുകമ്പയും സഹാനുഭൂതിയുമൊക്കെ അനുസ്മരിച്ചുകൊണ്ട് അനുശോചനം അറിയിച്ചു. മുന്‍ പ്രസിഡന്റ് ജയപ്രകാശ് നായര്‍, വിജയശങ്കറിന്റെ ആത്മാര്‍ത്ഥ സേവനം മാതൃകയാക്കി പ്രവര്‍ത്തിച്ചവരില്‍ ഒരാളാണെന്നു പറഞ്ഞു. പണ്ടത്ത് രാമന്‍ കുട്ടി തന്റെ പ്രസംഗത്തില്‍, നേരിട്ട് വിജയശങ്കറോടൊപ്പം പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കലാഭിരുചിയും മറ്റും തന്റെ കുട്ടികളുടെ നൃത്തവിദ്യാലയത്തിന് ഒരു മാര്‍ഗദര്‍ശനമായിരുന്നുവെന്നും അനുസ്മരിച്ചു.

മുന്‍ പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ്, മന്നത്തു പത്മനാഭനെ തന്റെ ചെറുപ്പത്തില്‍ തങ്ങളുടെ വസതിയില്‍ വച്ച് കണ്ടിട്ടുള്ള ഓര്‍മകളും അതേ മികവോടെയുള്ള കൊച്ചുമകനായ വിജയശങ്കറിന്റെ പ്രവര്‍ത്തനമികവും അനുസ്മരിച്ചുകൊണ്ട് ഐക്യത്തോടെ പ്രവര്‍ത്തിച്ച് പൂര്‍വികര്‍ തുടങ്ങിവച്ച പ്രസ്ഥാനം ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സൂചിപ്പിച്ചു. പ്രസിഡന്റ് ക്രിസ് തോപ്പില്‍ തന്റെ ഉപക്രമപ്രസംഗത്തില്‍ സമുദായം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളും പുതുതലമുറ ഈ കര്‍മ്മയോഗികളുടെ കാലടികള്‍ പിന്തുടരേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. തുടര്‍ന്നുനടന്ന ഭജന ഡോ വിജയശങ്കറിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ത്ഥനയോടെ സമര്‍പ്പിച്ചു. ജയപ്രകാശ് നായര്‍ നന്ദി രേഖപ്പെടുത്തി.

വാര്‍ത്ത: ജയപ്രകാശ് നായര്‍