ന്യൂയോര്‍ക്ക്: പെന്തക്കോസ്ത് സമൂഹത്തിനെതിരെ അടിസ്ഥാനരഹിതവും അനാവശ്യവുമായ പ്രസ്താവനകള്‍ നടത്തിയ വെള്ളാപ്പള്ളി നടേശന്‍, ക്രൈസ്തവ സമുഹത്തോട് മാതൃകപരമായി മാപ്പ് പറയണമെന്ന് നോര്‍ത്ത് അമേരിക്കന്‍ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. ഇങ്ങനെയുള്ള മതവിദ്വേഷ പ്രസ്താവനകള്‍ സംഘടനകളുടെ നേത്യസ്ഥാനത്ത് ഇരിക്കുന്നവര്‍ ഒഴിവാക്കണം. പെന്തക്കോസ്ത് സഭകള്‍ പണം നല്‍കി നിര്‍ബന്ധിതമായി മതം മാറ്റുന്നുവെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ അജ്ഞത വെളിപ്പെടുത്തുന്നതുമാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കുന്നത് വ്യക്തി സ്വാതന്ത്ര്യം ആണ്.

മത പരിവര്‍ത്തനം കുറ്റകരമായ ഒരു പ്രവൃത്തിയല്ല. രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന അവകാശമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും മതസ്ഥാപനങ്ങള്‍ നടത്താനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. ഇത് മറ്റാരുടെയും ഔദാര്യമല്ല. ഭാരതത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന ശ്രീ. വെള്ളാപ്പള്ളി, മതേതര ഭാരതത്തിന്റെ ജനാധിപത്യ ബോധത്തെ അപഹസ്യക്കുന്ന ജാതിചിന്ത വെടിയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് രാജന്‍ ആര്യപ്പള്ളില്‍ അവതരിപ്പിച്ചു. വിശ്വാസികള്‍ക്കുണ്ടായ മാനസിക സംഘര്‍ഷം പരിഹരിക്കാന്‍ വേണ്ട സത്വര നടപടികള്‍ സ്വീകരിക്കുവാന്‍ പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.

സെക്രട്ടറി നിബു വെള്ളവന്താനം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാം മാത്യൂ, ജോ സെക്രട്ടറി പാസ്റ്റര്‍ എബിന്‍ അലക്‌സ്, ട്രഷറാര്‍ ഡോ. ജോളി ജോസഫ്, ലേഡീസ് കോര്‍ഡിനേറ്റര്‍ ഡോ. ഷൈനി സാം, വെസ്‌ളി മാത്യ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്ത: വെസ്‌ളി മാത്യൂ -

മീഡിയ കോര്‍ഡിനേറ്റര്‍

(കെ.പി.ഡബ്‌ള്യു.എഫ് )