സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: മഞ്ഞുവീഴുന്ന ഡിസംബര്‍ രാവുകളെ സംഗീതസാന്ദ്രമാക്കി, സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ ക്രിസ്മസ് കരോള്‍ സംഘം ഭവനങ്ങളിലെത്തി. തിരുപ്പിറവിയുടെ സന്തോഷം പങ്കുവെക്കാനായി സംഘടിപ്പിച്ച വാര്‍ഡ് തലത്തിലുള്ള കരോള്‍ യാത്ര, ഒമ്പത് വാര്‍ഡുകളിലായി 250-ഓളം കുടുംബങ്ങളില്‍ സ്‌നേഹസ്പര്‍ശമായി മാറി.

ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി കരോള്‍ സംഘത്തിനൊപ്പം ചേര്‍ന്നത് വിശ്വാസികള്‍ക്ക് ഇരട്ടി മധുരമായി. ഓരോ ഭവനത്തിലുമെത്തി അദ്ദേഹം ക്രിസ്മസ് സന്ദേശം കൈമാറി. ശാന്തിയുടെയും സ്‌നേഹത്തിന്റെയും സന്ദേശം ഓരോരുത്തരിലും നിറയാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ ഇടയാക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

പ്രാര്‍ത്ഥനാപൂര്‍വ്വം തുടങ്ങിയ ഭവനസന്ദര്‍ശനങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ക്രിസ്മസ് ഗാനങ്ങള്‍ അലയടിച്ചു. സമ്മാനപ്പൊതികളുമായി എത്തിയ ക്രിസ്മസ് പാപ്പയും, പുല്‍ക്കൂടിന്റെ പുണ്യസ്മരണയുണര്‍ത്തിയ നേറ്റിവിറ്റി ദൃശ്യങ്ങളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശവും കൗതുകവുമായി.

വാര്‍ഡ് തലത്തില്‍ നടന്ന ഈ വലിയ ഒത്തുചേരലിന് കരുത്തുറ്റ നേതൃത്വമാണ് വാര്‍ഡ് പ്രതിനിധികള്‍ നല്‍കിയത്:

സെന്റ് അല്‍ഫോന്‍സ: ജോസ് ജോസഫ് കണ്ടവനം, മിനി റോയ്

സെന്റ് ആന്റണി: ഫ്രാന്‍സിസ് മാത്യു കല്ലുപുരക്കല്‍, ലിയ നേരേപറമ്പില്‍

സെന്റ് ജോര്‍ജ്: സോമി മാത്യു, റീബ പോള്‍

സെന്റ് ജോസഫ്: സാം അലക്‌സാണ്ടര്‍, ലിന്‍ഡ റോബര്‍ട്ട്

സെന്റ് ജൂഡ്: സൂരജ് ജോര്‍ജ്, ലിസ് മാത്യു

സെന്റ് മേരി: സുനില്‍ ജോസ്, റീനു ജേക്കബ്

സെന്റ് പോള്‍: കുരിയന്‍ കല്ലുവാരപരമ്പില്‍, അനു സെബാസ്റ്റ്യന്‍

സെന്റ് തെരേസ ഓഫ് കല്ക്കട്ട: ലാസര്‍ ജോയ് വെള്ളാറ, ആനി വര്‍ഗീസ്

സെന്റ് തോമസ്: ജോസഫ് പൗലോസ് തമ്പിതറയില്‍, മഞ്ജു ജോസഫ്

ഇടവക ട്രസ്റ്റിമാരായ ബോബി വര്‍ഗീസ്, റോബിന്‍ ജോര്‍ജ്, സുനില്‍ ജോസ്, ലാസര്‍ ജോയ് വെള്ളാറ എന്നിവരുടെ ഏകോപനം പരിപാടികളുടെ വിജയത്തിന് മാറ്റുകൂട്ടി. ദീപാലങ്കാരങ്ങളാല്‍ വര്‍ണ്ണാഭമായ വീടുകളില്‍, ഉണ്ണിയേശുവിനെ കൈകളിലേന്തി എത്തിയ കരോള്‍ സംഘത്തെ ഭക്തിയാദരവുകളോടെയാണ് ഇടവകാംഗങ്ങള്‍ വരവേറ്റത്.

വെബ്: www.stthomassyronj.org