ന്യു ജേഴ്സി: ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യൻ വനിതാ ലെജിസ്ലേറ്ററായി ചരിത്രം കുറിച്ച ഡോ. ആനി പോൾ നാലാം തവണയും എതിരില്ലാതെ വിജയിച്ചു.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് ന്യൂയോർക്കിലെ ആദ്യ ഇന്ത്യൻ വനിതാ ലെജിസ്ലേറ്ററായി 2011 ൽ ചരിത്രം കുറിച്ച ആനി പോൾ തുടർച്ചയായി നാലാം തവണയാണ് ഈ ലെജിസ്ലേറ്റർ പദവി അലങ്കരിക്കുന്നത്.

ന്യൂയോർക്കിലെ റോക്ക്‌ലാൻഡ് കൗണ്ടിയുടെ നിയമസഭാ വൈസ് ചെയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി വനിതകൂടിയാണ് ആനി പോൾ. പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ വൈസ് ചെയർ പദവി ലഭിച്ചത്.

ഈ വർഷത്തെ '2023 നാമം' പൊളിറ്റിക്കൽ എക്സലൻസ് അവാർഡ് കൂടി ലഭിച്ചപ്പോൾ ഡോ. ആനി പോളിന് ഇത് ഇരട്ടി മധുരമാണ്. അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജർക്കിടയിൽ നിന്നും സ്വന്തം കർമ്മ മണ്ഡലങ്ങളിലൂടെ സമൂഹത്തിന് മുതൽക്കൂട്ടായ പ്രവർത്തനങ്ങൾ നടത്തുന്നവരെ ആദരിക്കുന്നതിനാണ് 'നാമം എക്‌സലൻസ് അവാർഡ്. കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ചവരെയാണ് അവാർഡിനായി തെരഞ്ഞെടുക്കുന്നത്.

ഇന്ത്യയിൽ നിന്നു നഴ്സിംഗിൽ ഡിപ്ലോമയുമായി എത്തി നഴ്സിംഗിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ഒരു വനിത മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇത്തരം നേട്ടം കൈവരിച്ചത് ഇന്ത്യൻ സമൂഹത്തിനാകെ അഭിമാനമുണർത്തുന്നു.

ഇപ്രാവശ്യത്തെ തെരെഞ്ഞെടുപ്പും വ്യത്യസ്തമായി പത്രിക സമർപ്പിക്കുമ്പോൾ ഭർത്താവ് അഗസ്റ്റിൻ പോൾ ആണ് ഒപ്പുശേഖരണം നടത്തിയതും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയതും. എന്നാൽ എതിരില്ലാതെയുള്ള വിജയം ആഘോഷിക്കുവാൻ അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാതെ പോയി. ഏതാനും മാസം മുൻപ് നാട്ടിൽ പോയപ്പോൾ അവിടെ വെച്ച് അഗസ്റ്റിൻ പോൾ പെട്ടെന്ന് മരണപ്പെടുകയായിരുന്നു.

1982ൽ നഴ്സ് ആയി അമേരിക്കയിലെത്തിയ ആനി പോൾ അവിടെ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂർത്തിയാക്കിയ ശേഷമാണ് വിവിധ മേഖലകളിൽ പ്രവർത്തന മികവ് കാഴ്ചവച്ചത്. പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള പ്രായപരിധി ഇരുപത്തിയൊന്നാക്കിയ നിയമനിർമ്മാണവും സിഗരറ്റിന്റെ നിയമങ്ങളോടൊപ്പം ഇ-സിഗരറ്റിനേയും ഉൾക്കൊള്ളിക്കണമെന്നുള്ള ലോക്കൽ നിയമം കൊണ്ടു വന്നതും ആനി പോളിന്റെ ഇടപെടലിലൂടെയാണ്. ഓഗസ്റ്റ് മാസം ഇന്ത്യൻ ഹെറിറ്റേജ് മാസമായി ന്യൂയോർക്ക് സ്റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നിലും ആനി പോളിന്റെ പ്രവർത്തന മികവുണ്ട്.

2016ൽ ഹെയ്തിയിലെ ദുരന്ത സമയത്ത് ഹേഷ്യൻ നഴ്‌സസ് അസോസിയേഷനോടൊപ്പം മെഡിക്കൽ മിഷനിൽ പങ്കെടുത്ത ആനി പോൾ ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ചതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ടവരെ സഹായിക്കാനായി അവർക്കു ആവശ്യമുള്ള സാധനങ്ങൾ സമാഹരിച്ചു കൊടുക്കുകയുണ്ടായി. ആനി പോളിന്റെ നേതൃത്വത്തിൽ 'അഡോപ്റ്റ് എ റോഡ്' എന്ന പരിപാടിയിലൂടെ രണ്ടര മൈൽ നീളമുള്ള ന്യൂ ക്ലാർക്ക്‌സ്ടൗൺ റോഡ് വർഷത്തിൽ നാലു പ്രാവശ്യം വോളണ്ടിയേഴ്‌സിനോടൊപ്പം വൃത്തിയാക്കുന്നതുൾപ്പെടെയുള്ള മാതൃകാ പ്രവർത്തനങ്ങളുമുണ്ട്. തിരുവനന്തപുരത്ത് ഓഖി ദുരന്തത്തിന് ഇരയായവരുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് ധനസഹായം നൽകുകയും ചെയ്തിരുന്നു.

മൈനോറിറ്റി ആൻഡ് വിമൺ ഓൺഡ് ബിസിനസ് എന്റർപ്രൈസസ് കമ്മിറ്റി ചെയർ, മൾട്ടി സർവീസ് കമ്മിറ്റി വൈസ് ചെയർ, പബ്ലിക് സേഫ്റ്റി കമ്മിറ്റി മെമ്പർ, പ്ലാനിങ് ആൻഡ് പബ്ലിക് വർക്ക്‌സ് കമ്മിറ്റി മെമ്പർ, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി കമ്മീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചു.

നഴ്സിങ് പഠനത്തിനു ശേഷം അല്പകാലം ഡൽഹിയിൽ ജോലി ചെയ്തു. നഴ്‌സ് പ്രാക്റ്റീഷണർ സംഘടനയുടെ സാരഥികളിലൊരാൾ കൂടിയായ ഡോ. ആനി പോൾ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയിൽ നിന്നു മികച്ച നഴ്‌സിനുള്ള അവാർഡ് നേടിയിട്ടുണ്ട്.

മൂവാറ്റുപുഴ കല്ലൂർക്കാട് നെടുംകല്ലേൽ കുടുംബാംഗമാണു ഡോ. ആനി പോൾ. ഭർത്താവ് പോൾ രാമപുരം സ്വദേശി. മറീന പോൾ, ഷബാന പോൾ, നടാഷ പോൾ എന്നിവരാണു മക്കൾ.