- Home
- /
- USA
- /
- Association
പ്രവാസിയുടെ നേരും നോവും എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു
- Share
- Tweet
- Telegram
- LinkedIniiiii
അമേരിക്കന്‍ പ്രവാസി എഴുത്തുകള്‍ എന്നതിലേക്ക് ഒതുങ്ങുന്നതല്ല കോരസണ്‍ വര്‍ഗ്ഗീസിന്റെ 'പ്രവാസിയുടെ നേരും നോവും എന്ന പുസ്തകം' എന്ന് മുന്‍ അമ്പാസിഡര്‍ ടി. പി ശ്രീനിവാസന്. 'പ്രവാസി സാഹിത്യത്തില്‍ എന്ന തലത്തില്‍നിന്നും നോക്കിക്കാണാതെ മുഘ്യധാര സാഹിത്യത്തിലേക്ക് സ്ഥാനം നല്‍കേണ്ട പുസ്തകമാണിതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
വാഷിംഗ്ടണ്‍ ഡി. സി യിലെ ബെത്സ്ഡേ മാറിയറ്റ് മോണ്ടോഗോമേറി കണ്വെന്ഷന് സെന്ററില്‍വച്ചു ജൂലൈ 19 2024 നു നടത്തപ്പെട്ട ഫൊക്കാന 2024 അന്തര്‍ദേശീയ സമ്മേളനത്തിന്റെ നിറഞ്ഞ സദസ്സില്‍ വച്ച് കോരസണ്‍ വര്‍ഗ്ഗീസിന്റെ പ്രവാസിയുടെ നേരും നോവും എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി. പി ശ്രീനിവാസന് പ്രമുഖ മാധ്യമപ്രവര്ത്തകന് എം .വി നികേഷ് കുമാറിന് പുസ്തകം നല്‍കിക്കൊണ്ട് ആ മുഹൂര്‍ത്തം ധന്യമാക്കി. ടി. പി ശ്രീനിവാസന് തന്റെ പ്രസംഗത്തില്‍ കോരസണ്‍ വര്‍ഗ്ഗീസെന്ന എഴുത്തുകാരനെയും, അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനത്തെയും, എഴുത്തുകളുടെ പ്രമേയത്തെയും, അനുവാചകഹൃദയത്തിലേക്ക് വാക്കുകളെ കോറിയിടാനുള്ള കഴിവിനെയും സദസ്യര്‍ക്കു പരിചയപ്പെടുത്തി. ഈ പുസ്തകത്തിലെ ഓരോ ലേഖനങ്ങളും വായിയ്ക്കേണ്ടതാണെന്നും, വായനയുടെ ഒരു വിശാലമായ ലോകം തുറന്നുതരാന്‍ ഇതിലെ ലേഖനങ്ങള്‍ക്ക് കഴിയും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താനും കോരസണും ഒരേ സമയത്ത് മലയാളമനോരമയില്‍ പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു എന്നും അന്നുമുതല്‍ കോരസണ്‍ന്റെ എഴുത്തുകളെ ശ്രദ്ധിച്ചിരുന്നു എന്നും ടി. പി ശ്രീനിവാസന് പറഞ്ഞു.
പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് കോരസണുമായി ഒരു മാധ്യമ പ്രവര്ത്തകന് എന്ന നിലയിലുള്ള പരിചയത്തക്കുറിച്ചും, കോരസണ്‍ന്റെ ലേഖനങ്ങളക്കുറിച്ചും നികേഷ് കുമാര്‍ സദസ്സിനോടു വാചാലനായി. എല്ലാ ലേഖനങ്ങളും വായിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും വായിച്ച ലേഖനങ്ങളെല്ലാം മനസ്സിലേക്ക് പടര്‍ന്നുകയറുന്ന ആഖ്യാനശൈലിയില്‍ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പുസ്തകം എല്ലാവരിലേക്കും എത്തപ്പടേണ്ടതാണെന്നും വായിക്കപ്പെടണമെന്നും നികേഷ് കുമാര്‍ പറഞ്ഞു.
ടി. പി ശ്രീനിവാസന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം എന്ന് ആശംസപ്രസംഗത്തില്‍ എഴുത്തുകാരനായ കെ. കെ ജോണ്സണ് ചൂണ്ടിക്കാണിച്ചു. താനറിയാതെ വേദനകളിലേക്കു തെന്നിവീഴുന്ന , ജീവിതവും ലോകവും പൊരുതിയും പടവെട്ടിയും തനിക്കുംകൂടി അവകാശപ്പെട്ടതാണ് എന്ന് രേഖപ്പെടുത്താന്‍ ശ്രമിക്കുന്ന ആത്മശക്തിയുള്ള സാധാരണക്കാരായ സ്ത്രീകള്‍ക്കാണ് ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. മലയാളത്തിന്റെ കഥാകാരന് സക്കറിയ അവതാരികയും മുന്‍ പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. കെ .എസ് .രവികുമാര്‍ പഠനവും നടത്തിയിരിക്കുന്നു. ഗ്രീന്‍ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
കവി മുരുകന് കാട്ടാക്കട, കോട്ടയം എം. പി ഫ്രാന്‍സിസ് ജോര്‍ജ്ജ്, ഫൊക്കാന പ്രസിഡന്റ് ഡോക്ടര്‍ ബാബു സ്റ്റീഫന്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ കോരസണ്‍ വര്‍ഗ്ഗീസ് എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു.
- ഉമ സജി