ചിക്കാഗോ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ നിരവധി വിമാന സര്‍വീസുകള്‍ വൈകി. ബുധനാഴ്ച വൈകുന്നേരം ഷിക്കാഗോ ആസ്ഥാനമായുള്ള വിമാനക്കമ്പനി ഒരു പ്രത്യേക സാങ്കേതിക പ്രശ്‌നം കാരണം വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ശ്രമിക്കുകയാണ്.

വിമാനങ്ങളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സംവിധാനത്തിലെ തകരാറാണ് കാലതാമസത്തിന് കാരണമായത്. രാത്രി 9 മണിയോടെ പ്രശ്‌നം പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. എങ്കിലും, സാധാരണ നിലയില്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും യാത്രക്കാര്‍ക്ക് കാലതാമസം നേരിടാന്‍ സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) റിപ്പോര്‍ട്ട് പ്രകാരം, ഡെന്‍വര്‍, നെവാര്‍ക്ക്, ഹ്യൂസ്റ്റണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കാണ് പ്രധാനമായും കാലതാമസം നേരിട്ടത്. ഈ തകരാര്‍ സൈബര്‍ സുരക്ഷാ പ്രശ്‌നമല്ലെന്നും, വിമാനങ്ങള്‍ ശരാശരി രണ്ട് മണിക്കൂറോളം വൈകിയെന്നും FAA അറിയിച്ചു.