സ്പ്രിംഗ്ഡെയ്ല്‍, അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസിലെ ഡെവിള്‍സ് ഡെന്‍ സ്റ്റേറ്റ് പാര്‍ക്കില്‍ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ജെയിംസ് ആന്‍ഡ്രൂ മക്ഗാന്‍ (28) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ രണ്ട് കൊലപാതക കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഈ വര്‍ഷം സ്പ്രിംഗ്ഡെയ്ല്‍ പബ്ലിക് സ്‌കൂള്‍സില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കാനിരുന്ന വ്യക്തിയാണ് മക്ഗാന്‍.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഡെവിള്‍സ് ഡെന്‍ സ്റ്റേറ്റ് പാര്‍ക്കിലെ നടപ്പാതയില്‍ ക്ലിന്റണ്‍ ഡേവിഡ് ബ്രിങ്ക് (43), ഭാര്യ ക്രിസ്റ്റന്‍ അമാന്‍ഡ ബ്രിങ്ക് (41) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജൂലൈ 26-ന് രണ്ട് പെണ്‍മക്കളോടൊപ്പം കാല്‍നടയാത്ര നടത്തുന്നതിനിടെയാണ് ഇവര്‍ക്ക് 'മാരകമായ ആക്രമണം' നേരിട്ടതെന്ന് പോലീസ് അറിയിച്ചു. 7-ഉം 9-ഉം വയസ്സുള്ള കുട്ടികള്‍ക്ക് പരിക്കുകളൊന്നുമില്ല.

സംഭവത്തിനുശേഷം ദിവസങ്ങളോളം നടത്തിയ തിരച്ചിലിനൊടുവില്‍, പാര്‍ക്കില്‍ നിന്ന് ഏകദേശം 30 മൈല്‍ വടക്കുള്ള സ്പ്രിംഗ്ഡെയ്ലിലെ ഒരു ഹെയര്‍ സലൂണില്‍ വെച്ചാണ് മക്ഗാനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ അടുത്തിടെ ഒക്ലഹോമയില്‍ നിന്ന് ഇവിടേക്ക് താമസം മാറിയതാണെന്നും ഒരു പ്രാദേശിക സ്‌കൂളില്‍ അധ്യാപകനായി നിയമനം ലഭിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മക്ഗാന്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ ഒക്ലഹോമയിലെ ബ്രോക്കണ്‍ ആരോസ് എന്ന സ്ഥലത്ത് അഞ്ചാം ക്ലാസ് അധ്യാപകനായിരുന്നു. ആവശ്യമായ പശ്ചാത്തല പരിശോധനകളില്‍ ഇയാള്‍ വിജയിച്ചിരുന്നതായി ബ്രോക്കണ്‍ ആരോ പബ്ലിക് സ്‌കൂളുകളുടെ വക്താവ് വ്യക്തമാക്കി.

കൊലപാതകത്തിനുള്ള കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കറുത്ത നിറത്തിലുള്ള നാല് വാതിലുകളുള്ള സെഡാന്‍, ഒരുപക്ഷേ മാസ്ഡ, ടേപ്പ് കൊണ്ട് പൊതിഞ്ഞ ലൈസന്‍സ് പ്ലേറ്റുമായി പ്രതി പാര്‍ക്കിന്റെ പ്രദേശം വിട്ടുപോകുന്നത് കണ്ടതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു.

അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറ ഹക്കബി സാന്‍ഡേഴ്സ് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ബ്രിങ്ക് കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. കുട്ടികള്‍ സുരക്ഷിതരാണെന്നും ബന്ധുക്കളുടെ സംരക്ഷണയിലാണെന്നും പോലീസ് അറിയിച്ചു.