ഓക്ലഹോമ : ഓക്ലഹോമയിലെ മസ്‌കോഗിയില്‍ 11 വയസ്സുള്ള വളര്‍ത്തുമകള്‍ പ്രസവിച്ച സംഭവത്തില്‍ വളര്‍ത്തച്ഛന്‍ ഡസ്റ്റിന്‍ വാക്കര്‍ (34) അറസ്റ്റില്‍. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയും ഡസ്റ്റിന്‍ വാക്കറുടെ ഭാര്യയുമായ ഷെറി വാക്കറെ (33) ലൈംഗിക പീഡനത്തിന് കൂട്ടുനിന്നതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 16-നാണ് കുട്ടി വീട്ടില്‍വെച്ച് പ്രസവിച്ചത്. തുടര്‍ന്ന് നടത്തിയ ഡി.എന്‍.എ. പരിശോധനയില്‍ കുഞ്ഞിന്റെ അച്ഛന്‍ ഡസ്റ്റിന്‍ വാക്കറാണെന്ന് 99.9% ഉറപ്പായി. ഡസ്റ്റിനും ഷെറിയും നേരത്തെ കുട്ടിയെ അവഗണിച്ചതിനും അഞ്ച് കുട്ടികളെ ശരിയായ സാഹചര്യങ്ങളിലല്ലാതെ വളര്‍ത്തിയതിനും കേസെടുത്തിരുന്നു. ഇവര്‍ താമസിച്ചിരുന്ന വീട് വളരെ വൃത്തിഹീനമായിരുന്നുവെന്നും കണ്ടെത്തി.

ഡസ്റ്റിന്‍ വാക്കറിനും ഷെറി വാക്കറിനുമെതിരെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, അവഗണന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിതെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജാനറ്റ് ഹട്‌സണ്‍ അറിയിച്ചു.