ഫ്‌ലോറിഡ: ഫ്‌ലോറിഡയിലെ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തില്‍ (Fertility Clinic) ഭ്രൂണം മാറി നിക്ഷേപിച്ചതിനെത്തുടര്‍ന്ന് ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് കണ്ടെത്തിയ ദമ്പതികള്‍ ക്ലിനിക്കിനെതിരെ നിയമനടപടി സ്വീകരിച്ചു.ടിഫാനി സ്‌കോര്‍, സ്റ്റീവന്‍ മില്‍സ് എന്നീ ദമ്പതികളാണ് 'ഫെര്‍ട്ടിലിറ്റി സെന്റര്‍ ഓഫ് ഒര്‍ലാന്‍ഡോ'യ്‌ക്കെതിരെ പരാതി നല്‍കിയത്.

2025 ഡിസംബറില്‍ ജനിച്ച തങ്ങളുടെ മകള്‍ ഷിയയുടെ (Shea) ശാരീരിക സവിശേഷതകളില്‍ മാറ്റം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് കുട്ടിക്ക് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് തെളിഞ്ഞത്. ലാബില്‍ വെച്ച് ഭ്രൂണം മാറിപ്പോയതാണ് ഈ വലിയ പിഴവിന് കാരണമായത്. വെളുത്ത വര്‍ഗക്കാരായ (Caucasian) ദമ്പതികള്‍ക്ക് ജനിച്ച കുട്ടി മറ്റൊരു വംശത്തില്‍പ്പെട്ടതായിരുന്നു.

തങ്ങളുടെ യഥാര്‍ത്ഥ ഭ്രൂണം ആര്‍ക്കാണ് ലഭിച്ചതെന്നും, ഇപ്പോള്‍ തങ്ങള്‍ വളര്‍ത്തുന്ന കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ദമ്പതികള്‍.അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് ക്ലിനിക്ക് അറിയിച്ചെങ്കിലും, കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്ന് ദമ്പതികള്‍ ആരോപിക്കുന്നു.

കുട്ടിയെ അളവറ്റ രീതിയില്‍ സ്‌നേഹിക്കുന്നുണ്ടെങ്കിലും, കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തുക എന്നത് തങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണെന്ന് ടിഫാനി ഫേസ്ബുക്കില്‍ കുറിച്ചു. ചികിത്സാ ചിലവുകള്‍ക്കും നിയമപോരാട്ടത്തിനുമായി ഇവര്‍ ഒരു ഗോഫണ്ട്മീ പേജും ആരംഭിച്ചിട്ടുണ്ട്.