- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോസ് ഏഞ്ചല്‍സ് ഗെയിംസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു,128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക്
ലോസ് ഏഞ്ചല്‍സ്(കാലിഫോര്‍ണിയ): 128 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് വീണ്ടും ഒളിമ്പിക് ഗെയിംസിലേക്ക് എത്തുന്നു. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിന്റെ ഭാഗമായി ജൂലൈ 12-ന് പൊമോണയിലെ ഫെയര്‍പ്ലെക്‌സില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കും. ലോസ് ഏഞ്ചല്‍സ് 2028 ഒളിമ്പിക് ഗെയിംസിന്റെ സംഘാടകര്‍ ജൂലൈ 14-ന് പുറത്തുവിട്ട പൂര്‍ണ്ണ മത്സര ഷെഡ്യൂളിലാണ് ഈ പ്രഖ്യാപനം. ക്രിക്കറ്റിനുള്ള മെഡല്‍ മത്സരങ്ങള്‍ ജൂലൈ 20, 29 തീയതികളില്‍ നടക്കുമെന്ന് ഷെഡ്യൂള്‍ സ്ഥിരീകരിക്കുന്നു.
1900-ല്‍ പാരീസില്‍ നടന്ന ഒളിമ്പിക്‌സിലാണ് ഇതിനുമുമ്പ് ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നത്. അന്ന് ഗ്രേറ്റ് ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ നടന്ന ദ്വിദിന മത്സരമാണ് പിന്നീട് അനൗദ്യോഗിക ടെസ്റ്റ് എന്ന് അറിയപ്പെട്ടത്. അതിനുശേഷം ഇതാദ്യമായാണ് ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ ഇടം നേടുന്നത്.
LA28 ഒളിമ്പിക്‌സില്‍ ആധുനിക ടി20 ഫോര്‍മാറ്റിലായിരിക്കും ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ടൂര്‍ണമെന്റുകള്‍ ഉണ്ടാകും. ഓരോ ടൂര്‍ണമെന്റിലും ആറ് ടീമുകള്‍ വീതം പങ്കെടുക്കും. ഒരു ലിംഗത്തില്‍ പരമാവധി 90 അത്ലറ്റുകളെയാണ് അനുവദിക്കുന്നത്, 15 അംഗ സ്‌ക്വാഡുകള്‍ക്ക് അനുമതിയുണ്ട്.
1922 മുതല്‍ ലോസ് ഏഞ്ചല്‍സ് കൗണ്ടി ഫെയറിന് ആതിഥേയത്വം വഹിക്കുന്നതിന് പേരുകേട്ട പൊമോണയിലെ ഫെയര്‍പ്ലെക്‌സ് ഗ്രൗണ്ടിനുള്ളില്‍ പ്രത്യേകം നിര്‍മ്മിച്ച താല്‍ക്കാലിക വേദിയിലായിരിക്കും എല്ലാ മത്സരങ്ങളും നടക്കുക.ഇന്ത്യന്‍ സമയം രാവിലെ 9:00-നും വൈകുന്നേരം 6:30-നും (പ്രാദേശിക സമയം) ആരംഭിക്കുന്ന ഡബിള്‍ഹെഡറുകളായാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂലൈ 14, 21 തീയതികളില്‍ മത്സരങ്ങള്‍ ഉണ്ടാകില്ല. ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം, ഓരോ ദിവസത്തെയും ആദ്യ മത്സരം രാത്രി 9:30-നും രണ്ടാമത്തെ മത്സരം അടുത്ത ദിവസം രാവിലെ 7:00-നും ആരംഭിക്കും.