ഫ്‌ലോറിഡ: 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗെയ്നെസ്വില്ലില്‍ വെച്ച് ഒരു സെയില്‍സ്മാനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട റൊണാള്‍ഡ് ഹീത്തിന്റെ (65) വധശിക്ഷ ഫ്‌ലോറിഡയില്‍ നടപ്പിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6:12-നായിരുന്നു മരണം സ്ഥിരീകരിച്ചത്.

ഈ വര്‍ഷം ഫ്‌ലോറിഡയില്‍ നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹീത്തിന്റെ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു.

1989-ല്‍ ബിസിനസ്സ് ആവശ്യത്തിനായി ഗെയ്നെസ്വില്ലിലെത്തിയ മൈക്കല്‍ ഷെറിഡന്‍ (30) എന്നയാളെ റൊണാള്‍ഡ് ഹീത്തും സഹോദരന്‍ കെന്നത്തും ചേര്‍ന്ന് കൊള്ളയടിക്കുകയും വെടിവെച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

റൊണാള്‍ഡ് ഹീത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സഹോദരന്‍ കെന്നത്ത് ഷെറിഡനെ വെടിവെച്ചത്. കെന്നത്തിന് ജീവപര്യന്തം തടവ് ലഭിച്ചപ്പോള്‍, കൊലപാതകത്തിന്റെ സൂത്രധാരനായ റൊണാള്‍ഡിന് വധശിക്ഷ വിധിക്കുകയായിരുന്നു.

ഇതിന് മുന്‍പും റൊണാള്‍ഡ് ഹീത്ത് കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 1977-ല്‍ ഒരു കൗമാരക്കാരനെ കൊലപ്പെടുത്തിയതിന് 30 വര്‍ഷം ശിക്ഷ ലഭിച്ചെങ്കിലും പത്ത് വര്‍ഷത്തിന് ശേഷം ഇയാള്‍ ജയില്‍ മോചിതനായിരുന്നു. പുറത്തിറങ്ങി ആറ് മാസത്തിനുള്ളിലാണ് ഇയാള്‍ മൈക്കല്‍ ഷെറിഡനെ കൊലപ്പെടുത്തിയത്.

വധശിക്ഷയ്ക്ക് സാക്ഷിയാകാന്‍ മൈക്കലിന്റെ സഹോദരന്‍ ടോം ഷെറിഡന്‍ ന്യൂയോര്‍ക്കില്‍ നിന്നും ഫ്‌ലോറിഡയില്‍ എത്തിയിരുന്നു. 'അവന്‍ സന്തോഷവാനായ, എല്ലാവരെയും സ്‌നേഹിക്കുന്ന ഒരാളായിരുന്നു,' ടോം തന്റെ സഹോദരനെ ഓര്‍ത്തെടുത്തു. റൊണാള്‍ഡിന് അന്ന് അര്‍ഹമായ ശിക്ഷ ലഭിച്ചിരുന്നെങ്കില്‍ തന്റെ സഹോദരന്‍ ഇന്ന് ജീവനോടെ ഇരിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.