- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുഡീഷ്യല്‍ വാറണ്ടില്ലാതെ വീടുകളില്‍ അതിക്രമിച്ചു കയറാന്‍ ICE ഉദ്യോഗസ്ഥര്‍ക്ക് അനുമതി; പുതിയ നയം പുറത്ത്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇമിഗ്രേഷന്‍ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാന്‍ ഉത്തരവുള്ള വ്യക്തികളുടെ വീടുകളില്‍ ജുഡീഷ്യല്‍ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാന്‍ (Forcible entry) ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുന്ന പുതിയ നയം പുറത്തുവന്നു. 2025 മെയ് മാസത്തിലെ ഒരു രഹസ്യ മെമ്മോ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സികള്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
സാധാരണയായി ഒരു ജഡ്ജി ഒപ്പിട്ട സെര്‍ച്ച് വാറണ്ട് ഉണ്ടെങ്കില്‍ മാത്രമേ വീടിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ പുതിയ നയപ്രകാരം 'അഡ്മിനിസ്‌ട്രേറ്റീവ് വാറണ്ട്' (I-205 ഫോം) ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് വീടുകളില്‍ ബലംപ്രയോഗിച്ച് കയറാം.
മുന്‍കാലങ്ങളില്‍ ഇത്തരം ഭരണപരമായ വാറണ്ടുകള്‍ വീടിനുള്ളില്‍ കയറി അറസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഭരണഘടനയോ ഇമിഗ്രേഷന്‍ നിയമങ്ങളോ ഇത് തടയുന്നില്ലെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (DHS) ഇപ്പോഴത്തെ വിലയിരുത്തല്‍.
ഐസ് (ICE) ആക്ടിംഗ് ഡയറക്ടര്‍ ടോഡ് ലിയോണ്‍സ് അയച്ച ഈ മെമ്മോ രണ്ട് വിസില്‍ ബ്ലോവര്‍മാരാണ് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്തലിന് കൈമാറിയത്. പരിശീലനം ലഭിക്കാത്ത പുതിയ ഉദ്യോഗസ്ഥരെ പോലും ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത് ആശങ്കാജനകമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ജുഡീഷ്യല്‍ മേല്‍നോട്ടമില്ലാതെ വീടുകള്‍ തകര്‍ത്ത് അകത്തുകയറുന്നത് അമേരിക്കന്‍ ഭരണഘടനയുടെ നാലാം ഭേദഗതിയുടെ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്നാല്‍, നാടുകടത്തല്‍ ഉത്തരവ് ലഭിച്ചവര്‍ക്ക് നിയമപരമായ എല്ലാ അവസരങ്ങളും ലഭിച്ചുകഴിഞ്ഞതാണെന്നും ഉദ്യോഗസ്ഥര്‍ക്ക് ഇതിന് അധികാരമുണ്ടെന്നുമാണ് അധികൃതരുടെ വാദം.
ട്രംപ് ഭരണകൂടത്തിന് കീഴില്‍ വന്‍തോതിലുള്ള നാടുകടത്തല്‍ നടപടികള്‍ തുടരുന്നതിനിടെയാണ് വിവാദപരമായ ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.


