ന്യൂയോര്‍ക്ക് :അമേരിക്കയില്‍ ഇന്‍ഫ്‌ലുവന്‍സ (പനി) കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) അറിയിച്ചു. വരും ആഴ്ചകളില്‍ രോഗവ്യാപനം ഇനിയും ശക്തമാകാനാണ് സാധ്യത.

ഈ സീസണില്‍ ഇതുവരെ ഏകദേശം 75 ലക്ഷം ആളുകള്‍ക്ക് രോഗം ബാധിക്കുകയും 3,100 പേര്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 19,000-ത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്ത Influenza A(H3N2) എന്ന വൈറസിന്റെ പുതിയ വകഭേദമാണ് (subclade K) നിലവിലെ വ്യാപനത്തിന് പ്രധാന കാരണം. ഇതിന് രോഗപ്രതിരോധ ശേഷിയെ മറികടക്കാന്‍ കെല്പുള്ളതിനാല്‍ അതിവേഗം പടരുന്നു.

ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വടക്കുകിഴക്കന്‍, മിഡ്വെസ്റ്റ്, ദക്ഷിണ മേഖലകളിലും രോഗവ്യാപനം കൂടുതലാണ്.നിലവിലെ വാക്‌സിന്‍ പുതിയ വകഭേദത്തിനെതിരെ 30-40% വരെ മാത്രമേ ഫലപ്രദമാകാന്‍ സാധ്യതയുള്ളൂ എങ്കിലും, കടുത്ത രോഗാവസ്ഥയില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷപെടാന്‍ വാക്‌സിന്‍ എടുക്കുന്നത് തന്നെയാണ് നല്ലതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും ആള്‍ക്കൂട്ടത്തിനിടയിലും N95 മാസ്‌കുകള്‍ ധരിക്കുക.രോഗബാധിതര്‍ മറ്റുള്ളവരില്‍ നിന്ന് വിട്ടുനില്‍ക്കുക (Social Distancing).രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യുക (48 മണിക്കൂറിനുള്ളില്‍ ചികിത്സ തുടങ്ങുന്നത് ഫലപ്രദമാണ്).