സനാതന ധര്‍മ്മ പ്രചാരണത്തിന്റെ രജതജൂബിലി പൂര്‍ത്തീകരിച്ച കെ.എച്ച്.എന്‍.എ. യുടെ പതിനാലാമതു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണനും സംഘത്തിനും നിലവിലെ പ്രസിഡന്റ് ഡോ: നിഷ പിള്ളയുടെയും സഹഭാരവാഹികളുടെയും ഔപചാരികമായ അധികാര കൈമാറ്റം ഒക്ടോബര്‍ 4 ശനിയാഴ്ച്ച ടാമ്പായില്‍ നടക്കുന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ഹൈന്ദവ സദസ്സില്‍ വച്ച് വിവിധ പരിപാടികളോടെ നിര്‍വഹിക്കപ്പെടുന്നു.

അറ്റ്‌ലാന്റിക് സിറ്റിയില്‍ നടന്ന കെ.എച്ച്.എന്‍.എ. ഗ്ലോബല്‍ സംഗമത്തിന്റെ സമാപനത്തോടെ സംഘടനയുടെ പവിത്ര പതാക ഡോ: നിഷ പിള്ളയില്‍ നിന്നും നിയുക്ത പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ആചാരവിധികളോടെ ഏറ്റുവാങ്ങിയതോടെ ആരംഭിച്ച അധികാര കൈമാറ്റ നടപടികള്‍ ടാമ്പയിലെ റെക്കോര്‍ഡുകളുടെ കൈമാറ്റത്തോടെ പൂര്‍ത്തിയാകുന്നു.

സംഘടനയുടെ ഭരണ തുടര്‍ച്ച ഉറപ്പാക്കാനും ആധികാരകൈമാറ്റ നടപടികള്‍ സുഗമമാക്കാനും നിയുക്തമായിട്ടുള്ള ട്രസ്റ്റി ബോര്‍ഡ് ഭാരവാഹികളായ ഗോപിനാഥ കുറുപ്പ് ഡോ: രഞ്ജിനി പിള്ള, രതീഷ് നായര്‍, സുധ കര്‍ത്ത തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന സദസ്സില്‍ വച്ച് പ്രസിഡന്റിനെ കൂടാതെ സെക്രട്ടറി സിനു നായര്‍ വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാര്‍ ട്രഷറര്‍ അശോക് മേനോന്‍ ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍ ജോയിന്റ് ട്രഷറര്‍ അപ്പുകുട്ടന്‍ പിള്ള ട്രസ്റ്റി ബോര്‍ഡിന്റെ പുതിയ ചെയര്‍ പേഴ്‌സണ്‍ വനജ നായര്‍ സെക്രട്ടറി സുധിര്‍ പ്രയാഗ ജുഡീഷ്യല്‍ കണ്‍സില്‍ അംഗങ്ങളായ സുധാ കര്‍ത്താ രാമദാസ് പിള്ള ,ഗോപാലന്‍ നായര്‍ എന്നിവരും സ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നു.

പന്ത്രണ്ടു സംവത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം അമേരിക്കയുടെ കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലേക്കു മടങ്ങിയെത്തുന്ന കെ.എച്ച്.എന്‍.എ. യുടെ ദേശിയ കണ്‍വെന്‍ഷനെ വരവേല്‍ക്കാന്‍ ഫ്‌ലോറിഡയിലെ ഹിന്ദു സംഘടനകളും മലയാളി സമൂഹവും വലിയ ആവേശത്തിലാണ്. അധികാര കൈമാറ്റവും വിവിധ വിചാര സഭകളും തുടര്‍ന്ന് വ്യത്യസ്തമായ കലാപരിപാടികളുമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

അധികാരം ഒഴിയുന്ന വിവിധ സമിതികളിലെ അംഗങ്ങളെയും തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളെയും കൂടാതെ മുന്‍ ഭാരവാഹികളും പ്രത്യേകം ക്ഷണിതാക്കളും പ്രാദേശിക സംഘടനാ നേതാക്കളും ഉള്‍പ്പെടെ മുന്നൂറോളം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്.