- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എച്ച്.എന്‍.എ സൗത്ത്വെസ്റ്റ് റീജിയണല്‍ (ബേ ഏരിയ) വൈസ് പ്രസിഡന്റായി രാജേഷ് കൊനങ്ങാംപറമ്പത്ത്

(കെ.എച്ച്.എന്‍.എ ന്യൂസ് മീഡിയ)
സാന്‍ ഫ്രാന്‍സിസ്‌കോ : നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA)യുടെ സൗത്ത്വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റായി (RVP) രാജേഷ് കൊനങ്ങാംപറമ്പത്തിനെ നിയമിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍പ്പെടുന്ന നോര്‍തേണ്‍ കാലിഫോര്‍ണിയ മേഖലയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും സാമൂഹിക-സാംസ്‌കാരിക പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.
1998 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ രാജേഷ് നിലവില്‍ കാലിഫോര്‍ണിയയിലെ ഫ്രെമോണ്ടില്‍ കുടുംബസമേതം താമസിക്കുന്നു. പ്രവാസി സമൂഹത്തില്‍ ദീര്‍ഘകാലമായി സജീവ സാന്നിധ്യമുള്ള അദ്ദേഹം, NSS കാലിഫോര്‍ണിയയുടെ മുന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങളിലും സാമൂഹിക പദ്ധതികളിലും വര്‍ഷങ്ങളായി നേതൃത്വം നല്‍കി വന്ന അദ്ദേഹത്തിന് ബേ ഏരിയയിലെ ഇന്ത്യന്‍ സമൂഹത്തില്‍ വിശാലമായ ബന്ധങ്ങളുണ്ട്.
സമൂഹസേവന രംഗത്ത് രാജേഷ് കൊനങ്ങാംപറമ്പത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന ദേശീയ തലത്തിലുള്ള Sewa Diwali Food Drive പദ്ധതിയിലെ പങ്കാണ്. ബേ ഏരിയയുടെയും സാക്രമെന്റോ മേഖലയുടെയും കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, 2025-ല്‍ ബേ ഏരിയയില്‍ മാത്രം 50-ഓളം സംഘടനകളുടെ സഹകരണത്തോടെ ഏകദേശം 50,000 പൗണ്ട് ഭക്ഷണം വിതരണം ചെയ്തു.
500-ത്തിലധികം ഇന്ത്യന്‍ സംഘടനകള്‍ പങ്കാളികളായിരുന്ന ഈ ദേശീയ പദ്ധതി 2025-ല്‍ ഏകദേശം 10 ലക്ഷം പൗണ്ട് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു. വിവിധ സംഘടനകളെ ഒരുമിച്ച് കൊണ്ടുവന്ന് സഹകരണ മനോഭാവം വളര്‍ത്തിയെടുക്കുന്നതില്‍ രാജേഷിന്റെ പങ്ക് പ്രത്യേകം ശ്രദ്ധേയമാണ്.
രാജേഷിന്റെ നിയമനത്തെക്കുറിച്ച് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു: 'സമൂഹ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച് സമൂഹത്തില്‍ വിശ്വാസവും ഐക്യവും വളര്‍ത്തിയെടുത്ത നേതാവാണ് രാജേഷ്. അദ്ദേഹത്തിന്റെ നേതൃത്വം സൗത്ത്വെസ്റ്റ് മേഖലയില്‍ KHNAയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കരുത്താകുമെന്ന് വിശ്വസിക്കുന്നു.'
ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള എന്നിവര്‍ ഉള്‍പ്പെടുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും രാജേഷ് കൊനങ്ങാംപറമ്പത്തിന് ആശംസകള്‍ നേര്‍ന്നു.


