ന്യൂയോര്‍ക്ക് നഗരസഭാ ജീവനക്കാര്‍ക്കായി പൂര്‍ണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയര്‍ സോഹ്‌റാന്‍ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇതിലൂടെ അദ്ദേഹം നടപ്പിലാക്കുന്നത്.

ആറ് ആഴ്ച പ്രായമുള്ള ശിശുക്കള്‍ മുതല്‍ 3 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഈ സേവനം ലഭിക്കും. നഗരസഭയുടെ കീഴിലുള്ള ഡേവിഡ് ഡിങ്കിന്‍സ് ബില്‍ഡിംഗിലെ ജീവനക്കാര്‍ക്കും ഡി.സി.എ.എസ് (DCAS) വിഭാഗത്തിലെ എല്ലാ ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുക.

ഈ പദ്ധതിയിലൂടെ ഒരു കുടുംബത്തിന് പ്രതിവര്‍ഷം ഏകദേശം 20,000 ഡോളര്‍ (ഏകദേശം 16 ലക്ഷത്തിലധികം രൂപ) ലാഭിക്കാന്‍ സാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

പൊതുസേവകര്‍ക്ക് സാമ്പത്തിക ഭാരമില്ലാതെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരമൊരുക്കുക എന്നതാണ് ലക്ഷ്യം. 'മാറ്റം വീട്ടില്‍ നിന്ന് തുടങ്ങണം' എന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മേയര്‍ പറഞ്ഞത്.

ഏപ്രില്‍ 30 മുതല്‍ ജീവനക്കാര്‍ക്ക് ഈ പദ്ധതിക്കായി അപേക്ഷിച്ചു തുടങ്ങാം.കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായ മിസ് റെയ്ച്ചലുമായി ചേര്‍ന്ന് മംദാനി ഈ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് വലിയ പ്രചാരണം നടത്തിയിരുന്നു. ന്യൂയോര്‍ക്കിനെ എല്ലാവര്‍ക്കും താങ്ങാനാവുന്ന ഒരു നഗരമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.