- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കെയര്‍ തട്ടിപ്പ്: കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ പിടിയില്‍

കാലിഫോര്‍ണിയ:ഹോസ്പിസ് കെയര്‍ (മരണാസന്നരായവര്‍ക്കുള്ള പരിചരണം) വഴി 52 ലക്ഷം ഡോളറിന്റെ (ഏകദേശം 43 കോടി രൂപ) മെഡിക്കെയര്‍ തട്ടിപ്പ് നടത്തിയ കേസില്‍ കാലിഫോര്‍ണിയയിലെ കോവിനയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ ദമ്പതികളെ ഏപ്രില്‍ 2 ന് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
രജിസ്റ്റേര്‍ഡ് നഴ്സായ അമേലു ഗില്‍ (70), ഭര്‍ത്താവും സൈക്കോളജിസ്റ്റുമായ ഗ്ലാഡ്വിന്‍ ഗില്‍ (66) എന്നിവരാണ് പിടിയിലായത്.
അനഹൈമിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള 'സെന്റ് ഫ്രാന്‍സിസ് പാലിയേറ്റീവ് കെയര്‍' വഴി ചികിത്സ ആവശ്യമില്ലാത്തവര്‍ക്കും സേവനം നല്‍കാത്തവര്‍ക്കും വേണ്ടി വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ചാണ് ഇവര്‍ പണം തട്ടിയത്. മാരകമായ രോഗങ്ങളില്ലാത്തവരെ പോലും ഹോസ്പിസ് കെയറില്‍ ഉള്‍പ്പെടുത്തി ഇവര്‍ മെഡിക്കെയറില്‍ നിന്ന് പണം കൈപ്പറ്റി.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കോവിനയിലെ ആഡംബര വില്ലയുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാനും വിദേശയാത്രകള്‍ക്കും ആഡംബര കാറുകള്‍ക്കുമായാണ് ദമ്പതികള്‍ ചിലവഴിച്ചത്. പ്രമുഖ വ്യക്തികള്‍ക്കും സെലിബ്രിറ്റികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഈ തട്ടിപ്പ് വഴി സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് വിഭാഗം അറിയിച്ചു.
ദക്ഷിണ കാലിഫോര്‍ണിയയില്‍ ഹോസ്പിസ് മേഖലയില്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എഫ്.ബി.ഐ വ്യക്തമാക്കി.


