വാഷിംഗ്ടണ്‍ ഡി സി :ഓണ്‍ലൈന്‍ പൈറസിയുടെ പേരില്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളെ പ്രതിചേര്‍ക്കുന്നത് കടുപ്പമേറിയതാക്കി അമേരിക്കന്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി. ഉപഭോക്താക്കള്‍ പകര്‍പ്പവകാശമുള്ള സിനിമകളോ പാട്ടുകളോ നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്താല്‍ അതിന് ഇന്റര്‍നെറ്റ് നല്‍കുന്ന കമ്പനികള്‍ ഉത്തരവാദികളല്ലെന്ന് കോടതി വ്യക്തമാക്കി.

സോണി മ്യൂസിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ കോക്‌സ് കമ്മ്യൂണിക്കേഷന്‍സ് എന്ന ഇന്റര്‍നെറ്റ് കമ്പനിക്കെതിരെ നല്‍കിയ കേസ് സുപ്രീം കോടതി തള്ളി. നേരത്തെ കീഴ്‌ക്കോടതി കോക്‌സ് കമ്പനിക്ക് വിധിച്ചിരുന്ന 100 കോടി ഡോളറിന്റെ (8,300 കോടിയിലധികം രൂപ) പിഴയും ഇതോടെ റദ്ദായി.

വെറും ഇന്റര്‍നെറ്റ് സേവനം നല്‍കുന്നു എന്നതുകൊണ്ട് മാത്രം ഒരു കമ്പനി കുറ്റക്കാരാകില്ലെന്ന് ജസ്റ്റിസ് ക്ലാരന്‍സ് തോമസ് വ്യക്തമാക്കി. പൈറസിക്ക് കമ്പനി നേരിട്ട് പ്രേരിപ്പിക്കുകയോ അതിനായി മാത്രം സേവനം രൂപകല്‍പ്പന ചെയ്യുകയോ ചെയ്യാത്തിടത്തോളം അവര്‍ക്ക് ഉത്തരവാദിത്തമില്ല.

സംഗീത, സിനിമാ മേഖലയിലുള്ളവര്‍ ഈ വിധിയില്‍ നിരാശ പ്രകടിപ്പിച്ചു. ഇത് പകര്‍പ്പവകാശ സംരക്ഷണത്തെ ബാധിക്കുമെന്നും ഡിജിറ്റല്‍ മോഷണത്തിന് വളമിടുമെന്നും അവര്‍ വാദിക്കുന്നു.

എന്നാല്‍ ഈ വിധി സ്വതന്ത്രമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് അത്യാവശ്യമാണെന്നും, അല്ലെങ്കില്‍ കമ്പനികള്‍ അനാവശ്യ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്നും മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടു.