വാഷിംഗ്ടണ്‍ ഡിസി: അനധികൃതമായി ഓണ്‍ലൈന്‍ വഴി ഗര്‍ഭഛിദ്ര ഗുളികകള്‍ വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റര്‍മാര്‍ ഫെഡറല്‍ റെഗുലേറ്റര്‍മാരോട് ആവശ്യപ്പെട്ടു. ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇത്തരം മരുന്നുകളുടെ വിതരണ ശൃംഖലയെക്കുറിച്ചും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) കമ്മീഷണര്‍ മാര്‍ട്ടിന്‍ മകാരിക്ക് അയച്ച കത്തിലാണ് സെനറ്റര്‍മാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ശരിയായ മെഡിക്കല്‍ മേല്‍നോട്ടമില്ലാതെ മിഫെപ്രിസ്റ്റോണ്‍ (Mifepristone), മിസോപ്രോസ്റ്റോള്‍ (Misoprostol) എന്നീ മരുന്നുകള്‍ ഓണ്‍ലൈനായി ലഭ്യമാകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി.

വിദേശ വെബ്‌സൈറ്റുകള്‍ വഴി വില്‍ക്കുന്ന മരുന്നുകള്‍ പലപ്പോഴും ഇന്ത്യയിലെ വിവിധ നിര്‍മ്മാതാക്കളില്‍ നിന്നാണ് എത്തുന്നതെന്ന് കത്തില്‍ പറയുന്നു.

ഒരു വര്‍ഷത്തിനിടെ 43,259 പാക്കേജുകള്‍ വരെ ഒരു വിതരണക്കാരന്‍ അമേരിക്കയിലെ 30 സംസ്ഥാനങ്ങളിലേക്ക് അയച്ചതായും, 2023-ല്‍ ഏകദേശം ഒരു ലക്ഷത്തോളം പാക്കേജുകള്‍ അമേരിക്കയിലേക്ക് എത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

എഫ്ഡിഎ അംഗീകരിച്ച മരുന്നുകളാണെന്ന വ്യാജേനയാണ് പല വെബ്‌സൈറ്റുകളും ഇവ വില്‍ക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്നും സെനറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

ബില്‍ കാസിഡി, സ്റ്റീവ് ഡെയ്ന്‍സ്, ജെയിംസ് ലങ്ക്‌ഫോര്‍ഡ് തുടങ്ങിയ സെനറ്റര്‍മാരുടെ നേതൃത്വത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കസ്റ്റംസ്, പോസ്റ്റല്‍ അധികൃതരുമായി സഹകരിച്ച് ഇത്തരം മരുന്നുകളുടെ നീക്കം തടയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.