വാഷിംഗ്ടണ്‍ ഡി.സി.യുടെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് കുറിച്ച് മലയാളി വേരുകളുള്ള റിനി സമ്പത്ത് മേയര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ വംശജയാണ് 31 കാരിയായ റിനി.

4,500-ലധികം ആളുകളുടെ ഒപ്പുകള്‍ ശേഖരിച്ചാണ് റിനി ബാലറ്റില്‍ ഇടം നേടിയത്. തമിഴ്നാട്ടിലെ തേനിയില്‍ ജനിച്ച റിനി ഏഴാം വയസ്സിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

ഒരു ഗവണ്‍മെന്റ് കോണ്‍ട്രാക്ടറായി പ്രവര്‍ത്തിക്കുന്ന റിനി, ഒരു 'ഔട്ട്സൈഡര്‍' പ്രതിച്ഛായയോടെയാണ് മത്സരിക്കുന്നത്. നിലവിലെ നഗര ഭരണത്തിലെ പാളിച്ചകളെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെയും അവര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

റോഡുകളിലെ കുഴികള്‍ അടയ്ക്കുക, ശുദ്ധജല വിതരണം മെച്ചപ്പെടുത്തുക, ജീവിതച്ചെലവ് കുറയ്ക്കുക, 911 എമര്‍ജന്‍സി സേവനങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ക്കാണ് തന്റെ മുന്‍ഗണനയെന്ന് റിനി വ്യക്തമാക്കി.

ഭരണരംഗത്ത് ദക്ഷിണേഷ്യന്‍ വംശജരുടെ പ്രാതിനിധ്യം ഉറപ്പാക്കാനും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണ് താന്‍ ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു.ഡി.സി.യിലെ രാഷ്ട്രീയ വമ്പന്മാര്‍ക്കെതിരെ മാറ്റത്തിന്റെ ശബ്ദമായാണ് റിനി സമ്പത്ത് തന്റെ പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്.