- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വയസ്സുകാരനെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടി; സ്‌കൂള്‍ അധികൃതര്‍ പ്രതിഷേധത്തില്‍

മിനസോട്ട:അമേരിക്കയിലെ മിനസോട്ടയില്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പ്രീ-സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ലിയാം റാമോസിനെ ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരെ പിന്നീട് ടെക്‌സസിലെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി.
വീട്ടില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാന്‍ ലിയാമിനെക്കൊണ്ട് വാതിലില്‍ മുട്ടിച്ചതായും, കുട്ടിയെ ഉദ്യോഗസ്ഥര്‍ ഒരു 'ഇര' (bait) ആയി ഉപയോഗിച്ചതായും സ്‌കൂള്‍ സൂപ്രണ്ട് സീന സ്റ്റെന്‍വിക് ആരോപിച്ചു.ലിയാമിന്റെ കുടുംബത്തിന് നിലവില്‍ അഭയാര്‍ത്ഥി അപേക്ഷ (Asylum case) നിലവിലുണ്ടെന്നും അവര്‍ നിയമവിരുദ്ധമായല്ല രാജ്യത്ത് കഴിയുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അവര്‍ കുറ്റവാളികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ നിന്ന് കസ്റ്റഡിയിലെടുക്കുന്ന നാലാമത്തെ കുട്ടിയാണ് ലിയാം. പത്തു വയസ്സുകാരിയും ഇതില്‍ ഉള്‍പ്പെടുന്നു.സായുധരായ ഉദ്യോഗസ്ഥര്‍ കുട്ടികളെ പിടികൂടുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും വലിയ ഭീതിയും മാനസികാഘാതവും ഉണ്ടാക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
മിനസോട്ടയില്‍ ഇമിഗ്രേഷന്‍ പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


