ഡാളസ്: വടക്കന്‍ ടെക്‌സാസില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും കന്മഴയും (Hail) ആരംഭിച്ചു. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ടൊര്‍ണാഡോകള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഡാളസ്, ടാരന്റ്, ഡെന്റണ്‍ ഉള്‍പ്പെടെയുള്ള പ്രധാന കൗണ്ടികളില്‍ വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശം (Flood Advisory) പുറപ്പെടുവിച്ചു. വൈസ് കൗണ്ടിയില്‍ രാത്രി 10:30 വരെ ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പുണ്ട്.

ഡാളസ് കൗണ്ടിയില്‍ ഇതിനകം 3-5 ഇഞ്ച് മഴ ലഭിച്ചു. സിഡാര്‍ ഹില്ലില്‍ റോഡുകളില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ കുടുങ്ങുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.

ഗാര്‍ലന്‍ഡില്‍ കനത്ത മഴയെത്തുടര്‍ന്ന് ഒരു വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.തുടരുന്ന മഴ: വ്യാഴാഴ്ച മഴയ്ക്ക് അല്പം ശമനമുണ്ടാകുമെങ്കിലും വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ചൊവ്വാഴ്ച വരെ മഴ തുടരാനാണ് സാധ്യത.