സണ്ണി മാളിയേക്കല്‍

ഡാളസ് :ഡാലസിലും പരിസരപ്രദേശങ്ങളിലും വാഹന മോഷണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു.ഇന്ന് ഞായറാഴ്ച ഉള്‍പ്പെടെ ഈയടുത്ത കാലത്തായി ഉണ്ടായ നിരവധി സംഭവങ്ങള്‍ മലയാളികളില്‍ ആശങ്കയുള്ളവാക്കുന്നു. വളരെയധികം മലയാളികളുടെ വാഹനങ്ങള്‍ ഈയിടെയായി മോഷണം പോയിരുന്നു.

വെള്ളിയാഴ്ച ഡാലസിലെ ഒരു മലയാളിയുടെ ഫോര്‍ഡ് F250 ട്രക്ക് സ്വന്തം വീടിന്റെ മുമ്പില്‍ നിന്ന് മോഷണം പോയിട്ട് പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല. സിസി ടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടും തുടര്‍ അന്വേഷണത്തിന് മുതിരാതെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നഷ്ടപരിഹാരത്തിന് ശ്രമിക്കാനാണ് പോലീസ് വാഹന ഉടമസ്ഥനോട് നിര്‍ദ്ദേശിച്ചത്.

ഞായറാഴ്ച പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന മലയാളി വിദ്യാര്‍ത്ഥിയുടെ നിസ്സാന്‍ അള്‍ട്ടിമ വാഹനത്തിന്റെ ചില്ലുകള്‍ പൊട്ടിച്ച് വിലയേറിയ വസ്തുക്കള്‍ (ലാപ്‌ടോപ്പ്, ടാബ് ലറ്റ് തുടങ്ങിയ ) അപഹരിക്കുകയും ചെയ്തു. സംഭവത്തിന്റെ വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവ് ഡി മലയാളി ലേഖകനെ വിളിച്ചറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അനവധി മലയാളികളുടെ വാഹനങ്ങള്‍ മോഷണം പോവുകയോ വാഹനത്തില്‍ നിന്ന് സാധനങ്ങള്‍ അപഹരിക്കപ്പെടുയോ ചെയ്തിട്ടുള്ളതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.ഈ സംഭവങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്താലും പോലീസിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ പ്രതികരണങ്ങള്‍ ഉണ്ടാകാറില്ലെന്നും മോഷണം റിപ്പോര്‍ട്ട് ചെയ്താന്‍ മണിക്കൂറുകള്‍ കഴിഞ്ഞാലും പോലീസ് സംഭവത്ത് എത്തുകയില്ലെന്നും മോഷണം സ്ഥലത്ത് വന്ന് തെളിവെടുക്കാനോ അല്ലെങ്കില്‍ സിസി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുവാനോ പോലീസിന് മിനക്കെടാറില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ അവര്‍ ശ്രമിക്കാറുമില്ല. ചില പട്ടണങ്ങളില്‍ പോലീസിന്റെ അഭാവം പ്രകടമാണ്.

മാസങ്ങള്‍ക്കു മുമ്പ് ഇന്ത്യക്കാരുടെ വീടുകളെ കേന്ദ്രീകരിച്ച് സംഘടിതമായ മോഷണങ്ങള്‍ ഉണ്ടായതുപോലെ ഇപ്പോള്‍ ഇന്ത്യക്കാരെ വിശേഷിച്ച് മലയാളികളെ കേന്ദ്രീകരിച്ച് ഒരു മോഷണസംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി ഡി മലയാളിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്