വാഷിംഗ്ടണ്‍: ജന്മവകാശ പൗരത്വം നിര്‍ത്തലാക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. 14 ദിവസത്തേക്ക് തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ്. ട്രംപിന്റെ ഉത്തരവ് നഗ്‌നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

വാഷിങ്ടന്‍, അരിസോണ, ഇല്ലിനോയിസ്, ഒറിഗോണ്‍ എന്നീ നാലു സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന്റെ ഉത്തരവിന് കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്. നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്.

അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിന്റെ തുടര്‍നടപടികള്‍ക്കാണ് സ്റ്റേ ലഭിച്ചിരിക്കുന്നത്. യുഎസ് മണ്ണില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്‌നമായ ലംഘനമാണ് ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ താല്‍ക്കാലിക നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.