വാഷിംഗ്ടണ്‍ ഡിസി - 2024-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച ഇന്ത്യന്‍ അമേരിക്കക്കാര്‍ ഇന്ത്യയ്ക്കെതിരായ താരിഫ് നടപടിയെ പരസ്യമായി എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് അംഗം റോ ഖന്ന ആവശ്യപ്പെട്ടു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ഖന്നയുടെ ഈ പ്രതികരണം.

'ട്രംപിനെ പിന്തുണച്ച ഇന്ത്യന്‍ അമേരിക്കക്കാരെ ഞാന്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ ആരെന്ന് നിങ്ങള്‍ക്കറിയാം. ചൈനയെക്കാള്‍ കടുത്ത താരിഫ് ചുമത്തിക്കൊണ്ട് ഇന്ത്യയുമായുള്ള പങ്കാളിത്തം നശിപ്പിക്കുന്നതിനെതിരെ നിങ്ങള്‍ ശബ്ദമുയര്‍ത്തുമോ?' അദ്ദേഹം എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) കുറിച്ചു.

പ്രസിഡന്റ് ട്രംപിന്റെ നടപടി ഇന്ത്യയുടെ കയറ്റുമതിയുടെ 70 ശതമാനത്തോളം ഇല്ലാതാക്കുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ട്രംപിന്റെ ഈ നീക്കം അദ്ദേഹത്തിന്റെ 'അഹങ്കാര'ത്തില്‍ നിന്നും ഉണ്ടായതാണെന്ന് സംരംഭകന്‍ വിനോദ് ഖോസ്ലയും വിമര്‍ശിച്ചു.

ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹേലിയും ട്രംപിന്റെ താരിഫ് നടപടികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ നടപടികള്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇന്ത്യ-യുഎസ് സൗഹൃദത്തെ തകര്‍ക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഇന്ത്യയുമായി ഏകപക്ഷീയമായ വ്യാപാര ബന്ധമാണ് നിലനിന്നിരുന്നതെന്ന് ട്രംപ് താരിഫ് നടപടികളെ ന്യായീകരിച്ച് പറഞ്ഞു.