ന്യുയോര്‍ക്ക്: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. കുടിയേറ്റം, ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. കൂടിക്കാഴ്ചക്ക് ശേഷം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി, ഇന്ത്യയെ പങ്കാളി എന്നതിനു പകരം സഖ്യകക്ഷി എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി. കൂടിക്കാഴ്ചക്ക് ശേഷം മാര്‍ക്കോ റുബിയോ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യയെ സഖ്യകക്ഷി എന്ന് വിശേഷിപ്പിച്ചത്. ഇത് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാമൂഴത്തില്‍ ഇന്ത്യ - അമേരിക്ക ബന്ധം ഊഷ്മളമാകുമെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ഡോണള്‍ഡ് ട്രംപ് അധികാരമേറ്റ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് വിദേശകാര്യമന്ത്രി എസ് ജയശങ്കറായിരുന്നു. ശേഷം വാഷിംഗ്ടണില്‍ നടന്ന ക്വാഡ് കൂട്ടായ്മയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും ജയശങ്കര്‍ പങ്കെടുത്തു. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. ട്രംപ് ഈ വര്‍ഷം തന്നെ എത്തുന്നതിന്റെ സാധ്യത വര്‍ധിപ്പിച്ചുകൊണ്ട് അടുത്ത ക്വാഡ് ഉച്ചകോടി ഇന്ത്യയില്‍ നടക്കുമെന്നും യോഗം പ്രഖ്യാപിച്ചു. ഏകപക്ഷീയ നടപടികളിലൂടെ ഒരിടത്തും തല്‍സ്ഥിതി മാറ്റാന്‍ ഒരു രാജ്യവും ശ്രമിക്കരുതെന്ന മുന്നറിയിപ്പും ചൈനയ്ക്ക് കൂട്ടായ്മ നല്‍കി.

എന്നാല്‍ ഇന്ത്യയെ സഖ്യകക്ഷി എന്ന് വിളിക്കുന്ന നിലയിലുള്ള സഹകരണത്തിനിടയിലും കുടിയേറ്റത്തെക്കുറിച്ചുള്ള ട്രംപിന് കര്‍ശന നിലപാട് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. അനധികൃത കുടിയേറ്റം നടത്തിയവരെ ആദ്യ നൂറ് ദിവസത്തിനുള്ളില്‍ തന്നെ ട്രംപ് തിരിച്ചയ്ക്കാനുള്ള നടപടികള്‍ തുടങ്ങും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 20,000ത്തോളം ഇന്ത്യക്കാരും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇത്രയും ഇന്ത്യക്കാരെ തിരിച്ചയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചാല്‍ കേന്ദ്രസര്‍ക്കാരിനത് വന്‍ വെല്ലുവിളിയാകും. പരസ്പരം ചര്‍ച്ച നടത്തി മാത്രമേ ഇത്തരം നടപടികള്‍ സ്വീകരിക്കാവൂ എന്ന നിലപാട് ഇന്ത്യ അമേരിക്കയെ അറിയിച്ചതായാണ് സൂചന. ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കും എന്ന ട്രംപിന്റെ മുന്നറിയിപ്പും ഇന്ത്യ നല്ല സന്ദേശമായല്ല കാണുന്നത്. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടിയിയല്‍ നരേന്ദ്ര മോദി വഹിച്ച പങ്ക് കേന്ദ്ര സര്‍ക്കാര്‍ എന്നും പ്രചാരണായുധമാക്കിയിരുന്നു. ആ ഉടമ്പടിയില്‍ നിന്ന് ട്രംപ് പിന്‍മാറിയതും ഭാവിയില്‍ ഇന്ത്യ അമേരിക്ക ബന്ധത്തില്‍ കല്ലുകടിയാകും.