കൊളറാഡോ : അമേരിക്കയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പങ്കാളികള്‍ പരസ്പരം വിഷം (രാസ-ജൈവ പദാര്‍ത്ഥങ്ങള്‍) നല്‍കി അപായപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം (DHS) മുന്നറിയിപ്പ് നല്‍കി.

റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച ഒരു ഉദാഹരണം കൊളറാഡോയിലെ ഒരു ദന്തഡോക്ടറുടേതാണ്. തന്റെ ഭാര്യയുടെ പ്രോട്ടീന്‍ ഷേക്കില്‍ സയനൈഡും ആര്‍സെനിക്കും കലര്‍ത്തിയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മൂന്ന് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും സാധാരണ അസുഖമാണെന്ന് കരുതി മടക്കി അയക്കുകയായിരുന്നു.

വിഷപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ സാധാരണ അസുഖങ്ങളുടേതിന് സമാനമായതിനാല്‍ പെട്ടെന്ന് കണ്ടെത്താനോ അന്വേഷണം നടത്താനോ സാധിക്കുന്നില്ല.സയനൈഡ്, ആന്റിഫ്രീസ്, ഐ ഡ്രോപ്‌സ്, ഇന്‍സുലിന്‍ തുടങ്ങിയവയാണ് കൊലപാതകങ്ങള്‍ക്കായി പ്രധാനമായും ഉപയോഗിക്കുന്നത്.

ഇത്തരം വിഷാംശങ്ങള്‍ വായുവിലൂടെയോ വെള്ളത്തിലൂടെയോ പകരുന്നത് വീട്ടിലെ കുട്ടികള്‍ക്കും അയല്‍ക്കാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വരെ അപകടമുണ്ടാക്കാം.മെഡിക്കല്‍ പരിശോധനകളിലും പോലീസ് അന്വേഷണങ്ങളിലും കൂടുതല്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.