ബ്രൂക്ക്‌ലിൻ(ന്യൂയോർക്ക്): ഒരു വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി മുപ്പത്തിയാറു വയസ്സുള്ള മാതാവ് സ്വയം തലയിൽ നിറയൊഴിച്ചു ആത്മഹത്യ ചെയ്തു.

സ്റ്റുവർട്ട് അവന്യൂവിലെ മറിൻ പാർക്ക് മിഡിൽ സ്‌ക്കൂൾ പരിസരത്തുവെച്ചു സെപ്റ്റംബർ 20 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കുട്ടിയുമായി സ്‌ക്കൂൾ യാർഡിൽ ഇരുന്ന് കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ചു താൻ ആത്മഹത്യ ചെയ്യുവാൻ പോകുകയാണെന്ന് അറിയിച്ചു. പിതാവ് സംഭവസ്ഥലത്ത് ഓടിയെത്തുന്നതിനു മുമ്പു തന്നെ ഇവർ വെടിയുതിർത്തിരുന്നു. വിൻഗേറ്റ് (36) ആണ് ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.

സംഭവ സ്ഥലത്തെത്തിയ ഭർത്താവ് കുട്ടിയേയും കൂട്ടി അവിടെ നിന്നും അപ്രത്യക്ഷമായി. അവിടെ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. വെടിവെച്ചുവെന്ന് കരുതപ്പെടുന്ന തോക്ക് സംഭവസ്ഥലത്തു നിന്നു പൊലീസിന് കണ്ടെടുക്കാനായില്ല. കുട്ടിയുടെ പിതാവ് തോക്കെടുത്ത് എവിടെയോ ഒളിപ്പിച്ചു വെച്ചിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ പിന്നീട് പിടികൂടി ചോദ്യം ചെയ്തുവരികയാണ്.

ചൊവ്വാഴ്ച നാലുമണിക്ക് ഇവർ തമ്മിൽ തർക്കം ഉണ്ടായതായി പൊലീസ് പറയുന്നു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും ഒരു മൈൽ അകലെയായിരുന്നു സംഭവം. ഇവർ ആത്മഹത്യകുറിപ്പും എഴുതിവെച്ചിരുന്നു.