ഹൂസ്റ്റണ്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പീഡാനുഭവ വാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍, ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ അതിവിശിഷ്ടമായ രീതിയില്‍ നടത്തപ്പെടുന്നു. മലങ്കര കത്തോലിക്കാ സഭയുടെ യുഎസ്എ - കാനഡ ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റേഫാനോസ് മെത്രാപ്പോലീത്ത ഈ വര്‍ഷത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇടവക വികാരി റവ. ഫാ. ബിന്നി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പാരിഷ് കൗണ്‍സില്‍, വിശ്വാസികള്‍ക്ക് ആത്മീയ ചൈതന്യം പകരുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കാല്‍കഴുകല്‍ ശുശ്രൂഷയുടെ പ്രത്യേകത

ഈ വര്‍ഷത്തെ തിരുക്കര്‍മ്മങ്ങളില്‍ ഏറ്റവും സവിശേഷമായത് അഭിവന്ദ്യ പിതാവ് നേരിട്ട് നേതൃത്വം നല്‍കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയാണ്. മലങ്കര സഭയുടെ പാരമ്പര്യമനുസരിച്ച് മെത്രാപ്പോലീത്തമാര്‍ മാത്രം നിര്‍വഹിക്കുന്ന ഈ കര്‍മ്മം, യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്റെ മാതൃക കാണിച്ചു കൊടുത്തതിനെ അനുസ്മരിപ്പിക്കുന്നു. ഇടവകയിലെ തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗങ്ങളാണ് ഈ ശുശ്രൂഷയില്‍ ശിഷ്യന്മാരെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.

യേശുക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്റെയും മരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഈ പാവനമായ സ്മരണകളില്‍ പങ്കുചേരുവാന്‍ ഏവരെയും ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരിയും പാരിഷ് കൗണ്‍സിലും അറിയിച്ചു.

തിരുക്കര്‍മ്മങ്ങളുടെ സമയക്രമം:

• ഓശാന ഞായര്‍: രാവിലെ 9:00 AM

• പെസഹാ വ്യാഴം (കാല്‍കഴുകല്‍ ശുശ്രൂഷയും കുര്‍ബാനയും): വൈകുന്നേരം 6:30 PM

• ദുഃഖവെള്ളി: രാവിലെ 9:00 AM

• ഈസ്റ്റര്‍ (ശനിയാഴ്ച): വൈകുന്നേരം 7:00 PM