ടക്കേ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിലാണ് സമൂഹത്തിന്റെ പിന്തുണയോടു കൂടി മാത്രമേ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തനം സാധ്യമാവൂ എന്ന ആശയം ഉയര്‍ന്നത്. മാധ്യമ പ്രവര്‍ത്തനം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകുന്ന കാലത്തു, രാഷ്ട്രീയമായും മറ്റു താല്പര്യങ്ങളും വെച്ച് മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും വേട്ടയാടപ്പെടുന്നുന്നുണ്ട്. വാര്‍ത്തകളെ വാര്‍ത്തകളായി കണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി ചെയ്യുന്നതിന് സമൂഹമാണ് പിന്തുണ നല്‍കേണ്ടതെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

മനോരമ ന്യൂസ് സീനിയര്‍ കോ -ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ റോമി മാത്യു, 24 ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെആര്‍ ഗോപീകൃഷ്ണന്‍; റിപ്പോര്‍ട്ടര്‍ ടീവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മുരുതി പരുത്തികാട്; മാതൃഭൂമി ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍ മാതു സജി എന്നിവര്‍ പരിപാടിയില്‍ അതിഥികളായിരുന്നു. ആധുനിക ലോകത്ത് മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇവര്‍ സംസാരിച്ചു. ഐഎപിസി അംഗങ്ങളും മറ്റു അതിഥികളും സജീവമായ ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു.

'മീഡിയ അറ്റ് ദി ക്രോസ്റോഡ്സ്: ട്രൂത്ത്, ടെക്നോളജി, ആന്‍ഡ് ഗ്ലോബല്‍ റെസ്പോണ്‍സിബിലിറ്റി' എന്നതായിരുന്നു ഈ വര്‍ഷത്തെ മാധ്യമ സമ്മേളനത്തിന്റെ പ്രമേയം. സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചകളില്‍ അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഒരു ദശാബ്ദക്കാലത്തെ അടയാളപ്പെടുത്തിയ സമ്മേളനം, നെറ്റ്വര്‍ക്കിംഗ്, അറിവ് പങ്കിടല്‍, വിവിധ മേഖലയിലെ സഹകരണം എന്നിവയ്ക്കുള്ള ഒരു സുപ്രധാന വേദിയായി. ഐഎപിസിയുടെ പത്താം വാര്‍ഷിക അന്താരാഷ്ട്ര മാധ്യമ സമ്മേളനവും പന്ത്രണ്ടാം വാര്‍ഷിക ആഘോഷങ്ങളും മെയ് ആദ്യ വാരം പെന്‍സില്‍വാനിയയിലെ പൊക്കോണോസിലുള്ള ദി വുഡ്ലാന്‍ഡ്സ് ഇന്‍ ആന്‍ഡ് റിസോര്‍ട്ടിലാണ് സംഘടിപ്പിച്ചത്.

മാധവന്‍ ബി. നായര്‍, ഡോ. ബാബു സ്റ്റീഫന്‍, ബോബ് വര്‍ഗീസ്, ഡോ. സതീഷ് കാതുല, അഞ്ജു വല്ലഭനേനി, പ്രകാശ് എ. ഷാ, ഡോ. വെമുരി എസ്. മൂര്‍ത്തി, സാം മടുല്ല, രോഹിത് വ്യാസ് എന്നിവരുടെ നേട്ടങ്ങള്‍ക്കും സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ക്കും ഐഎപിസി 2025 ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഫോമ ട്രഷറര്‍ സിജില്‍ പാലക്കലോടി; വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആനി ലിബു; ഇന്‍ഡോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ സുധാകര്‍ മേനോന്‍, മാധ്യമ സംരഭകനായ കമലേഷ് സി. മേത്ത; ഹെഡ്ജ് ഇവെന്റ്‌സ് സിഇഒ ജേക്കബ് എബ്രഹാം, മാധ്യമപ്രവര്‍ത്തകന്‍ ഡോ. മാത്യു ജോയ്സ്, ജിയോബല്‍ എംഡി ഏബിള്‍ ചെറിയാന്‍, എഴുത്തുകാരന്‍ ജോസഫ് ജോണ്‍, കനേഡിയന്‍ തമിഴ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ ഉടമ ഇളഭാരതി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഐഎപിസി ബിഒഡിയുടെ ചെയര്‍മാനായ ഡോ. ഇന്ദ്രനില്‍ ബസു റേ പ്രസ് ക്ലബ്ബിന്റെ ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ചു. സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ, കഴിഞ്ഞ 12 വര്‍ഷത്തെ ഐഎപിസിയുടെ ചരിത്രം, ലക്ഷ്യങ്ങള്‍, നേട്ടങ്ങള്‍ എന്നിവ സദസ്സുമായി പങ്കുവച്ചു. തുടര്‍ന്ന് ഐഎപിസിയുടെ ചരിത്രവും നേട്ടങ്ങളും എടുത്തുകാണിക്കുന്ന ഒരു ഹ്രസ്വ വീഡിയോയുടെ പ്രദര്‍ശനം നടന്നു. മനോഹരമായി ക്യൂറേറ്റ് ചെയ്ത ഉള്ളടക്കത്തിന്റെയും പന്ത്രണ്ടു വര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയും നല്‍കി ഡോ. മാത്യു ജോയ്സ് ചെയര്‍മാനായ ഐഎപിസി സുവനീറിന്റെ വീഡിയോ പതിപ്പ് പുറത്തിറക്കി. കൂടാതെ, ഡോ. മാത്യു ജോയ്സ് എഴുതിയതും നവ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുമായ ''ദി സിറ്റിസണ്‍ ജേണലിസ്റ്റ്'' എന്ന പുസ്തകം മുന്‍ ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ റോമി മാത്യുവിന്റെ സാന്നിധ്യത്തില്‍ പുറത്തിറക്കി. ആഗോള പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി ബോസ്റ്റണില്‍ തമ്പി കുര്യന്‍ നയിക്കുന്ന കുര്യന്‍ ഫൗണ്ടേഷന്‍ നിര്‍മ്മിക്കുന്ന 'ദി ഗ്രീന്‍ അലേര്‍ട്ട് ' എന്ന ഡോകുമെന്ററി ചിത്രത്തിന്റെ ടീസര്‍ ചടങ്ങില്‍ റിലീസ് ചെയ്തു. ഇന്ത്യന്‍ ഭാഷകളെ പ്രവാസികളില്‍ എത്തിക്കാനുള്ള ഐഎപിസിയുടെ വിവിധ പദ്ധതികളില്‍ ആദ്യസംരംഭമായി പ്രൊ. ജോയി പല്ലാട്ടുമഠം തയ്യാറാക്കിയ 'ശ്രേഷ്ഠ ഭാഷ മലയാളം' എന്ന വീഡിയോ പരമ്പരയുടെ ടീസര്‍ പ്രദര്‍ശിപ്പിച്ചു.

കമ്മ്യൂണിറ്റി നേതാക്കന്മാരായ പോള്‍ കറുകപ്പിള്ളില്‍, സണ്ണി മറ്റമന, ഡോ. കലാ ഷാഹി, ഷാലു പുന്നൂസ്, ബിജു ചാക്കോ, ഐഎപിസി അറ്റ്‌ലാന്റ ചാപ്റ്റര്‍ പ്രസിഡന്റ് ജോമി ജോര്‍ജ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സി ജി ഡാനിയേല്‍, കോരസണ്‍ വര്‍ഗീസ് ഐഎപിസി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ജേക്കബ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍, ചെയര്‍മാന്‍ ഇന്ദ്രനില്‍ ബസു റേ, ഐഎപിസി നാഷണല്‍ പ്രസിഡന്റ് ആസാദ് ജയന്‍, കോ ചെയര്‍മാന്‍ ആഷ്ലി ജോസഫ്, ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളായ ജിന്‍സ്‌മോന്‍ സക്കറിയ, ഡോ.മാത്യു ജോയ്സ്, അജയ് ഘോഷ്, കമലേഷ് മേത്ത, സി.ജി. ഡാനിയേല്‍ ജേക്കബ് കുടശ്ശനാട്, റെജി ഫിലിപ്പ്, ജോസഫ് ജോണ്‍, കോരസണ്‍ വര്‍ഗീസ്, ജോജി കാവനാല്‍, അനില്‍ അഗസ്റ്റിന്‍, ഡോ.ഈപ്പന്‍ ഡാനിയേല്‍ എന്നിവര്‍ക്കൊപ്പം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഷാന്‍ ജെസ്റ്റസ്, ട്രെഷറര്‍ സണ്ണി ജോര്‍ജ്, എക്‌സിക്യൂട്ടീവ് അംഗംങ്ങളായ പട്രീഷ്യ ഉമാശങ്കര്‍, പ്രൊഫ:ജോയ് പല്ലാട്ടുമഠം, ഷിബി റോയ്, ചാക്കോ ജെയിംസ്,തൃശൂര്‍ ജേക്കബ്,ജോമോന്‍ ജോയ്,ജിജി കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.