ന്യൂയോര്‍ക്ക്: ലോങ്ങ് ഐലന്‍ഡ് മെല്‍വില്ലിലെ മാരിയറ്റ് ഹോട്ടലില്‍ ജൂലൈ 3 മുതല്‍ 6 വരെ നടന്ന 35-ാമത് മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സ് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. 'കുടുംബം: വിശ്വാസ ഭൂമിക' (Family: Faithscape) എന്ന പ്രമേയത്തില്‍ ഊന്നിയായിരുന്നു ഈ വര്‍ഷത്തെ സമ്മേളനം. വിവിധ ഇടവകകളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 642 പ്രതിനിധികള്‍ പങ്കെടുത്തു.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ സമാപന സന്ദേശം നല്‍കി. കുടുംബബന്ധങ്ങളുടെ പ്രാധാന്യം, വിശ്വാസത്തില്‍ അടിയുറച്ച ജീവിതം നയിക്കേണ്ടതിന്റെ ആവശ്യം എന്നിവയെക്കുറിച്ച് തിരുമേനി ഊന്നിപ്പറഞ്ഞു. 'നമ്മുടെ വീടുകള്‍ സ്ഥിരമായ വിശുദ്ധമന്ദിരങ്ങളാണ്. നമ്മുടെ തലമുറയെ കെട്ടിപ്പടുക്കുന്നതിന് ദൈവം നല്‍കിയ ആ സ്ഥിരമായ സങ്കേതങ്ങള്‍ എത്രത്തോളം നാം ഉപയോഗിക്കുന്നുവെന്ന് ഈ നിമിഷം മുതല്‍ നാം ചിന്തിക്കാന്‍ തുടങ്ങിയാല്‍, 2027-ലെ കുടുംബ സമ്മേളനത്തില്‍ നമുക്ക് കൂടുതല്‍ ആളുകളെയും കുടുംബങ്ങളെയും ആകര്‍ഷിക്കാന്‍ കഴിയും,' അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാതാപിതാക്കള്‍ക്ക് ദൈവം നല്‍കിയ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചാല്‍ അതിന്റെ ഫലം കാണാന്‍ കഴിയുമെന്നും തിരുമേനി കൂട്ടിച്ചേര്‍ത്തു. നമ്മുടെ മാതാപിതാക്കള്‍ വീട്ടില്‍ യാഗപീഠങ്ങള്‍ പണിതതുകൊണ്ടാണ് നാം ഈ വിശ്വാസപാത പിന്തുടരുന്നത്. നാം വീട്ടില്‍ യാഗപീഠങ്ങള്‍ പണിയുന്നില്ലെങ്കില്‍, നമുക്ക് എന്ത് പ്രതീക്ഷയാണ് നേടാന്‍ കഴിയുകയെന്നും, ഒരു രക്ഷിതാവെന്ന നിലയില്‍ ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുത് എന്നും തിരുമേനി ഉദ്‌ബോധിപ്പിച്ചു.

സമാപന ദിവസത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ത്തോമ്മാ സഭയുടെ അടൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ സഹകാര്‍മ്മികനായിരുന്നു.

നാല് ദിവസങ്ങളിലായി നടന്ന ഈ കോണ്‍ഫറന്‍സില്‍, മാത്യൂസ് മാര്‍ സെറാഫിം തിരുമേനി, ബാംഗ്ലൂരില്‍ നിന്നുള്ള ഡോ. പി.സി. മാത്യു, ശ്രീമതി സിബി മാത്യു എന്നിവര്‍ വിവിധ സെഷനുകളിലായി ആത്മീയവും കുടുംബപരവുമായ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള പ്രഭാഷണങ്ങള്‍ നടത്തി. ഈ പ്രഭാഷണങ്ങള്‍ വിശ്വാസികള്‍ക്ക് ആത്മീയ കാര്യങ്ങളെക്കുറിച്ചും കുടുംബ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കി.

മുഖ്യ പ്രഭാഷകര്‍ക്ക് പുറമെ, മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായുള്ള വിവിധ ട്രാക്കുകളില്‍ നിരവധി പ്രഗത്ഭര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി; അഡള്‍ട്ട്/യൂത്ത്/ചില്‍ഡ്രന്‍ ട്രാക്കുകളിലെ വിവിധ സെഷനുകള്‍ക്ക് ടോം ഫിലിപ്പ് (ലേ ചാപ്ലെയിന്‍), ഡോ. സൂസന്‍ തോമസ് (ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്ക്), ഡോ. ഷിബി എബ്രഹാം (ചൈല്‍ഡ് & അഡോലസെന്റ് സൈക്കോളജിസ്റ്റ്), ഡോ. ബെറ്റ്‌സി ചാക്കോ (ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്ക്) എന്നിവരും, കുട്ടികളുടെ ക്ലാസുകള്‍ക്ക് റവ. റോബിന്‍ വര്‍ഗീസ്, റവ. ജോണ്‍ വില്‍സണ്‍ എന്നിവരും, ബൈബിള്‍ പഠന ക്ലാസുകള്‍ക്ക് റവ. തോമസ് ബി., റവ. റെജിന്‍ രാജു, റവ. ഡെന്നിസ് ഏബ്രഹാം എന്നിവരും, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് (Health Talk) ഡോ. ഷീന എലിസബത്ത് ജോണും നേതൃത്വം നല്‍കി.

കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് റവ. ഡോ. പ്രമോദ് സഖറിയ, ജനറല്‍ കണ്‍വീനര്‍ തോമസ് ജേക്കബ് (ഷാജി), ട്രെഷറര്‍ കുര്യന്‍ തോമസ്, അക്കൗണ്ടന്റ് ബെജി ടി. ജോസഫ് എന്നിവരോടൊപ്പം വിവിധ സബ്കമ്മിറ്റികളുടെ അധ്യക്ഷന്മാര്‍, കണ്‍വീനേഴ്സ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും സമാപന യോഗത്തില്‍ അഭിനന്ദിച്ചു.

ജനറല്‍ കണ്‍വീനറായ ഷാജി തോമസ് ജേക്കബ് സമാപന ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, പ്രത്യേകിച്ച് സംഘാടക സമിതി അംഗങ്ങള്‍ക്കും, കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ്, പങ്കെടുത്ത എല്ലാവര്‍ക്കും ആത്മീയമായി ഒരു പുതിയ ഉണര്‍വ് നല്‍കുകയും, കുടുംബ ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഉള്‍ക്കാഴ്ചകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തു. പരസ്പര സ്‌നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു ജീവിതം നയിക്കാന്‍ ഈ കോണ്‍ഫറന്‍സ് ഏവര്‍ക്കും പ്രചോദനമായി മാറി.

വാര്‍ത്ത അയച്ചു തന്നത് ഷാജി തോമസ് ജേക്കബ്