ഒക്ലഹോമ :യുകോണിലെ സണ്‍ഡാന്‍സ് എയര്‍പോര്‍ട്ടിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു വിമാനം തകര്‍ന്ന് നാല് പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

സണ്‍ഡാന്‍സ് എയര്‍പോര്‍ട്ടിന് സമീപമുള്ള നോര്‍ത്ത് സാറാ റോഡിലെ 13000 ബ്ലോക്കിലാണ് അപകടം റിപ്പോര്‍ട്ട് ചെയ്തതെന്ന് ഒക്ലഹോമ സിറ്റി പോലീസും അഗ്‌നിശമന സേന ഉദ്യോഗസ്ഥരും പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്ന നാല് പേര്‍ മരിച്ചതായി അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.തകരുന്നതിന് മുമ്പ് വിമാനം പറന്നുയര്‍ന്നതാകാമെന്നാണ് പ്രാഥമിക സൂചന, എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

റണ്‍വേയില്‍ നിന്ന് 100-200 മീറ്റര്‍ അകലെ എയര്‍ഫീല്‍ഡിന്റെ കിഴക്ക് ഭാഗത്തുള്ള വനപ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്.ഒക്ലഹോമ സിറ്റി ഫയര്‍ ആന്‍ഡ് പോലീസ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നുള്ള നിരവധി ജീവനക്കാരും ഇഎംഎസ്എ പാരാമെഡിക്കുകളും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു