- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന ബോളിവുഡ് നടൻ യൂസഫ് ഹുസൈൻ അന്തരിച്ചു; മരണം കോവിഡ് ബാധയെത്തുടർന്ന്; അനുശോചിച്ച് പ്രമുഖർ
മുംബൈ: മുതിർന്ന ബോളിവുഡ് നടൻ യൂസഫ് ഹുസൈൻ ( 73) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. യൂസഫ് ഹുസൈന്റെ മരുമകനും പ്രശസ്ത സംവിധായകനുമായ ഹൻസൽ മെഹ്തയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
തന്റെ 2013 ചിത്രം 'ഷഹീദ്' സാമ്പത്തിക പ്രതിസന്ധിയിൽ ചിത്രീകരണം നിലച്ച സമയത്ത് സഹായവുമായെത്തിയ ഭാര്യാപിതാവിനെ അനുസ്മരിച്ച് ഹൻസൽ മെഹ്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാണ്. ഷഹീദിന്റെ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയാക്കിയപ്പോൾ പണം തീർന്നുപോയെന്നും സംവിധായകൻ എന്ന നിലയിൽ തന്റെ കരിയർ അവസാനിച്ചുവെന്ന് തോന്നിയ സമയമായിരുന്നു അതെന്നും ഹൻസൽ മെഹ്ത പറയുന്നു. 'അപ്പോഴാണ് അദ്ദേഹം എന്നെ കാണാനെത്തിയത്. എനിക്കൊരു സ്ഥിരനിക്ഷേപം ഉണ്ട്. നീ അത്രയധികം കഷ്ടപ്പെടുന്നുണ്ടെങ്കിൽ ആ പണം കൊണ്ട് മറ്റ് ഉപകാരങ്ങളൊന്നുമില്ല. അദ്ദേഹം ഒരു ചെക്ക് എഴുതി. അങ്ങനെ ഷഹീദ് പൂർത്തിയായി. അതായിരുന്നു യൂസഫ് ഹുസൈൻ. ഭാര്യാപിതാവ് ആയിരുന്നില്ല, പിതാവ് തന്നെയായിരുന്നു അദ്ദേഹം എനിക്ക്', ഹൻസൽ മെഹ്ത കുറിച്ചു.
അഭിഷേക് ബച്ചൻ, മനോജ് ബാജ്‌പേയ്, പൂജ ഭട്ട് തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖർ യൂസഫ് ഹുസൈന് ആദരാഞ്ജലികളുമായി എത്തിയിട്ടുണ്ട്. 2003 ചിത്രം കുച്ച് നാ കഹോ, റിലീസ് ആവാനിരിക്കുന്ന ബോബ് ബിശ്വാസ് എന്നിവയിൽ യൂസഫ് ഹുസൈനൊപ്പം അഭിനയിച്ചിട്ടുണ്ട് അഭിഷേക്. ധൂം 2, റയീസ്, റോഡ് ടു സംഗം തുടങ്ങിയവയാണ് യൂസഫ് ഹുസൈൻ ശ്രദ്ധ നേടിയ ചിത്രങ്ങൾ.