ജമൈക്ക: ഫാദേഴ്‌സ് ഡേയിൽ ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവെച്ച് ഇതിഹാസ അത്ലറ്റ് ഉസൈൻ ബോൾട്ട്. ഞായറാഴ്ചയാണ് ഭാര്യ കാസി ബെന്നറ്റ് രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയ കാര്യം ബോൾട്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

രണ്ട് കുഞ്ഞുങ്ങൾക്കും വ്യത്യസ്തമായ പേരുകളാണ് ബോൾട്ട് -കാസി ദമ്പതികൾ ഇട്ടിരിക്കുന്നത്. തണ്ടർ ബോൾട്ട്, സെന്റ് ലിയോ ബോൾട്ട് എന്നാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്. എന്നാൽ എന്നാണ് ഭാര്യ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത് എന്നകാര്യം ബോൾട്ട് പറഞ്ഞിട്ടില്ല.

കുടുംബജീവിതത്തിൽ എല്ലായ്‌പ്പോഴും സ്വകാര്യത സൂക്ഷിക്കുവാൻ ഇഷ്ടപ്പെടുന്ന ട്രാക്കിലെ വേഗരാജാവ്, ആദ്യമായാണ് തന്റെ മക്കളുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത്.

 

 
 
 
View this post on Instagram

A post shared by Kasi J. Bennett (@kasi.b)

ബോൾട്ടിന്റെ പങ്കാളി കാസി ബെന്നറ്റ് മക്കളുടെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്. ഒരു വയസ്സുള്ള മകൾക്കും ഇരട്ടക്കുട്ടികൾക്കും ഉസൈൻ ബോൾട്ടിനുമൊപ്പമുള്ള ചിത്രമാണ് കാസി പങ്കുവെച്ചത്.

ഇപ്പോൾ ജനിച്ച ഇരട്ടക്കുട്ടികൾക്ക് പുറമെ ഒളിംപിയ ലൈറ്റ്‌നിങ് ബോൾട്ട് എന്ന ഒരു മകൾ കൂടി ബോൾട്ട്-കാസി ദമ്പതികൾക്കുണ്ട്. മക്കളുടെ വ്യത്യസ്തമായ പേര് പുറത്തുവിട്ടതിന് പിന്നാലെ രസകരമായ പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ലൈറ്റ്‌നിങ്ങും തണ്ടറും ഉള്ള വീട്ടിൽ എപ്പോഴും കൊടുങ്കാറ്റായിരിക്കുമല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

2020 മെയിലാണ് ഒളിമ്പിയ ജനിച്ചത്. മകൾ പിറന്ന് രണ്ട് മാസത്തിന് ശേഷമാണ് അന്ന് ബോൾട്ട് പേര് പങ്കുവെച്ചത്. എന്നാൽ തണ്ടറിന്റേയും ലിയോയുടേയും ജനന തിയ്യതി ബോൾട്ട് പുറത്തുവിട്ടിട്ടില്ല.

2008, 2012, 2016 ഒളിംപിക്‌സുകളിൽ പങ്കെടുത്ത ബോൾട്ട് 100, 200 മീറ്ററുകളിൽ ഉൾപ്പെടെ എട്ട് സ്വർണം നേടി. തുടർച്ചയായി മൂന്ന് ഒളിംപിക്‌സുകളിൽ 100, 200 മീറ്റർ സ്വർമം നേടിയ ഏക സ്പ്രിന്ററും 100 മീറ്ററിൽ ലോക റെക്കോർഡിന് ഉടമയുമാണ് ബോൾട്ട്.