- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Maharashtra
ലഹരിയിൽ മുങ്ങിയമരുന്ന യുവത്വം: ഡോ. സിന്ധു ജോയ് എഴുതുന്നു
സാജൻ, വയസ് ഇരുപത്, ഒറ്റനോട്ടത്തിൽ കണ്ടാൽ യാതൊരു കുഴപ്പവുമില്ല. അവനെ പരിചയപ്പെട്ടത് തിരുവനന്തപുരം പുന്നലാൽ ഉള്ള ഡെയിൽ-വ്യൂ ഡി-അഡിക്ഷൻ സെന്ററിൽ വച്ചാണ്. അവന്റെ മാതാപിതാക്കൾ അവനെ അവിടെ എത്തിച്ചത് മയക്കമരുന്നിനോടുള്ള അമിതമായ ആസക്തി ചികിത്സിച്ച് മാറ്റാനാണ്. ചികിത്സയുടെ മുക്കാൽ ഭാഗം പിന്നിട്ടപ്പോഴാണ് ഞാനവനെ കണ്ടത്. ഇന്നവൻ മയക്കമരുന
സാജൻ, വയസ് ഇരുപത്, ഒറ്റനോട്ടത്തിൽ കണ്ടാൽ യാതൊരു കുഴപ്പവുമില്ല. അവനെ പരിചയപ്പെട്ടത് തിരുവനന്തപുരം പുന്നലാൽ ഉള്ള ഡെയിൽ-വ്യൂ ഡി-അഡിക്ഷൻ സെന്ററിൽ വച്ചാണ്. അവന്റെ മാതാപിതാക്കൾ അവനെ അവിടെ എത്തിച്ചത് മയക്കമരുന്നിനോടുള്ള അമിതമായ ആസക്തി ചികിത്സിച്ച് മാറ്റാനാണ്. ചികിത്സയുടെ മുക്കാൽ ഭാഗം പിന്നിട്ടപ്പോഴാണ് ഞാനവനെ കണ്ടത്. ഇന്നവൻ മയക്കമരുന്നുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കഴിഞ്ഞു. ഇനിയൊരിക്കലും ലഹരിയുടെ മായാലോകത്ത് പ്രവേശിക്കില്ല എന്ന നിശ്ചയദാർഢ്യത്തിലുമാണ്.
സാജൻ മാത്രമല്ല സാജനെ പോലുള്ള നിരവധി ചെറുപ്പക്കാരെ അവിടെ കാണാനിടയായി. നമ്മുടെ സമൂഹത്തിന് അജ്ഞമായ ലഹരി വിഭവങ്ങളെക്കുറിച്ച് മനസ്സിലാക്കി. നാമൊക്കെ നിരന്തരം കേൾക്കുന്ന മദ്യവും, കഞ്ചാവും, പുകവലിയും, പാന്മസാലയും മാത്രമല്ല കേട്ടറിവ് പോലുമില്ലാത്ത ലഹരിയുടെ തലങ്ങളിലൂടെ കടന്നുപോകുകയാണ് നമ്മുടെ യുവതലമുറ. കഞ്ചാവ്, ഹുക്ക, കനാബീസ്, മരിജുവാനോ, കറുപ്പ്, കൊക്കൊയ്ൻ, എൽ.എസ്.ഡി. അടക്കമുള്ള പഴയകാല ലഹരി മരുന്നുകൾ മാത്രമല്ല കേരളീയ യുവത്വത്തിന് ആവേശമാകുന്നത്. മറിച്ച് മഷി മായ്ക്കാനുള്ള വൈറ്റ്നറും, ചെരിപ്പ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന എസാർ പശയും, അപസ്മാരത്തിനും വിഷാദരോഗങ്ങൾക്കും ഉപയോഗിക്കുന്ന ഗുളികകളും ലഹരിയുടെ പരകോടിയിലെത്തിക്കുന്ന സ്റ്റാപുകളും മാന്ത്രിക കൂണുമൊക്കെ ആ പട്ടികയിൽ പെടുന്നു. ചുരുക്കി പറഞ്ഞാൽ ഇന്ന് വൈവിധ്യപൂർണ്ണമായ ലഹരികളാൽ സമ്പന്നമാണ് നമ്മുടെ ലഹരി സാമ്രാജ്യം.
സാഹസികതയുടേയും, ആകാംക്ഷയുടെയും ഒക്കെ പേരിലാണ് പലരും ലഹരിമരുന്നിന്റെ ഉപയോഗം തുടങ്ങുന്നത്. മറ്റുള്ളവരുടെ പ്രേരണയാലോ, തങ്ങളിലുള്ള ഉത്കണ്ഠയും, വിഷാദവും, അപകർഷതയും തരണം ചെയ്യാനോ ആരംഭിച്ച് ഒടുവിൽ ലഹരിമരുന്ന് ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥയിലെത്തുന്നു. മയക്കമരുന്നുകളിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ തലച്ചോറിൽ കടന്നുചെന്ന് ഒരു വ്യക്തിയെ മറ്റൊരു മായാലോകത്തേക്ക് നയിക്കുന്നു. പിന്നീട് ഇത് നാഡീ കോശങ്ങളിലേക്ക് കടന്ന് വീണ്ടും ഉപയോഗിക്കാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്യുന്നു. തുടർന്ന് ലഹരിക്ക് അടിമയായ ഒരു വ്യക്തിക്ക് കൃത്യസമയത്ത് ശരീരത്തിനാവശ്യമുള്ള ലഹരിയുടെ ഡോസ് കിട്ടാനുള്ള പ്രേരണ ഉണ്ടാക്കും. ലഹരിയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിത്താഴാൻ പണം കണ്ടെത്താൻ കുറ്റകൃത്യങ്ങൾ ചെയ്യാനും ഇവർക്ക് മടിയുണ്ടാവില്ല.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമൂഹിക, സാംസ്കാരിക ആരോഗ്യ പ്രശ്നമായി മയക്കമരുന്നുകളുടേയും, മാദകദ്രവ്യങ്ങളുടേയും ദുരുപയോഗത്തെ ശാസ്ത്രലോകം കാണുന്നു. ''രക്തത്തിൽ കുത്തി വെയ്ക്കുകയോ, പുകയ്ക്കുകയോ, ഉത്തേജകശക്തിയുള്ളതോ നിയമവിരുദ്ധമോ ആയ വസ്തു എന്നതാണ് മയക്കുമരുന്നുകളെ പറ്റിയുള്ള നിർവ്വചനം''. മദ്യം അനുവദിക്കുന്ന രാജ്യങ്ങൾ പോലും മയക്കമരുന്നുകളെ നിരോധിച്ചിരിക്കുന്നു എന്നത് അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ടാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകത്താകമാനം ലഹരികളുടെ ഉപയോഗം വർധിച്ചുവരികയാണ്. ലോകജനസംഖ്യയുടെ 2.8 ശതമാനം മുതൽ 4.5 ശതമാനം വരെ പതിനഞ്ചിനും അറുപത്തി നാലിനും ഇടയിലുള്ള ആളുകൾ മയക്കുമരുന്നിനടിമ യാണെന്ന് ലോകാരോഗ്യ സംഘടനകളുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ലോകമാകെയുള്ള കഞ്ചാവിന്റെ ഏറ്റവും വലിയ നിർമ്മാണ മേഖലകളായി തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ മാറിയിട്ടുണ്ട്. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനും, പാക്കിസ്ഥാനും ഇന്ത്യയിലെ വടക്ക് കിഴക്കൻ മലനിരകളും. ഇതിന് പുറമേ പാശ്ചാത്യ രാജ്യങ്ങളിലെ വിവിധ ഏജൻസികൾ വൻ തോതിൽ മൂന്നാം ലോക രാഷ്ട്രങ്ങളിലേക്ക് മയക്കുമരുന്നിന്റെ കള്ളക്കടത്ത് നടത്തുന്നുമുണ്ട്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ 50 മുതൽ 80 ലക്ഷം ജനങ്ങൾ മയക്കുമരുന്നിന് അടിമപ്പെട്ടവരാണ്.
അഫ്ഗാനിസ്ഥാനിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഹെറോയിൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റും കള്ളക്കടത്ത് നടത്തുന്നതിന് ഇന്ത്യയെ ഇടതാവളമായി ഉപയോഗിക്കുന്നു എന്നത് വസ്തുതയാണ്. എന്നാൽ മയക്കമരുന്ന് കച്ചവടത്തിന്റെ ഇടതാവളം മാത്രമല്ല നമ്മുടെ രാജ്യം, മറിച്ച് ലഹരിമരുന്നുകൾ ഉൽപ്പാദിപ്പി ക്കുന്ന പ്രമുഖ രാഷ്ട്രങ്ങളിലൊന്ന്. ഇന്ത്യൻ നിർമ്മിത ഹെറോയിന്റെ ആഗോള കച്ചവടം 250 കോടി ഡോളറായി ഉയർന്നിരിക്കുകയാണ്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മയക്കമരുന്നുകളുടെ ഏറിയ പങ്കും വിദേശങ്ങളിലേക്ക് കടത്തുകയാണെങ്കിലും അഞ്ച് കോടി രൂപയിലേറെ വിലമതിക്കുന്ന ഹെറോയിനും, ഹഷീഷും, കഞ്ചാവുമൊക്കെ രാജ്യത്തെ വൻ നഗരങ്ങളിൽ നിത്യവും വിൽക്കപ്പെടുന്നു. ഹെറോയിന്റെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണെന്ന് യുണൈറ്റഡ് നേഷൻസിന്റെ ഡ്രഗ്സ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
കേരളീയ യുവത്വം പുകവലിയും, മദ്യപാനവും വലിയ തോതിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിന്റെ പതിന്മടങ്ങ് മയക്കുമരുന്നിനും, പാന്മസാലകൾക്കും അടിമകളായി മാറിയിരിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മദ്യലഭ്യതയും ഉപഭോഗവും വൻതോതിൽ കുറഞ്ഞു. സംസ്ഥാത്ത് 2.70 കോടി (8.94%) ലിറ്റർ മദ്യഉപഭോഗം കുറഞ്ഞെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. (അഡിക് ഇന്ത്യ തയ്യാറാക്കിയ ആൽക്കഹോൾ അറ്റ്ലസ് കണക്ക് പ്രകാരം) സ്കൂളുകളും, കോളേജ് ക്യാമ്പസുകളും, ഹോസ്റ്റലുകളും, തൊഴിൽ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വലിയ തോതിലുള്ള മയക്കമരുന്ന് വിൽപ്പന നടക്കുന്നുണ്ട്. പെൺകുട്ടികൾ പോലും ലഹരി മരുന്നിന് അടിമയാകുന്നു എന്നതും ഗൗരവമായ കാര്യമാണ്. സംസ്ഥാനത്ത് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സജീവമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈയിടെ സൂചിപ്പിച്ചിരുന്നു.[BLURB#1-VL]നമ്മുടെ സ്കൂൾ കുട്ടികളും യുവാക്കളും മയക്കമരുന്നിന്റെ മായാലോകത്ത് അടിമപ്പെടുകയാണ്. ഇതിനായി പണം കണ്ടെത്തുന്നതിന് കുറ്റകൃത്യങ്ങൾ ചെയ്യാനും ഇവർക്ക് മടിയില്ല. പിടിച്ച്പറിയും, മോഷണവും, അക്രമവും തുടങ്ങി ലഹരി മാഫിയകളുടെ ഏജന്റുകളുമൊക്കെയായി പലരും പ്രവർത്തിക്കുന്നു. ഗുണ്ടായിസവും, കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നതിനു പിന്നിലും ഇത്തരം കാര്യങ്ങൾ കാണാം. സംസ്ഥാന കുറ്റവാളികളുടെ വലിയൊരു ശതമാനം ലഹരി മരുന്നിന് അടിമപ്പെട്ടവരാണ്. കഴിഞ്ഞ ദിവസം കഞ്ചാവ് ലഹരിയിൽ ഒരു അന്യസംസ്ഥാന തൊഴിലാളി ആലുവ സിവിൽ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസറുടെ ചെവി കടിച്ച് പറിച്ചത് വാർത്തയായിരുന്നു. ഈയിടെ തൃശൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ചത് പെൺകുട്ടിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവും മയക്കുമരുന്ന് ലഹരിയിലായിരുന്നു.
സമൂഹത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമായ നിലയിലേക്ക് മാറുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങളുടെ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് പുകയില ഉത്പന്നങ്ങൾ പോലും വിൽക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെ അതൊക്കെ കാറ്റിൽ പറത്തി കൊണ്ടാണ് ലഹരിമരുന്ന് കച്ചവടം പൊടിപൊടിക്കുന്നത്.[BLURB#2-H]പഠിത്തവും കരിയറും മാത്രമാണ് തങ്ങളുടെ ജീവിത ലക്ഷ്യമെന്ന് തെറ്റിദ്ധരി ക്കുന്ന ഒരു തലമുറ അതിനുവേണ്ടി അനുഭവിക്കുന്ന വൈകാരിക സംഘർഷങ്ങളും ആത്മസംഘർഷങ്ങളും കൊണ്ടുചെന്നു എത്തിക്കുന്നത് ലഹരിയുടെ ലോകത്തേ ക്കാണ്. സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കെതിരെ പ്രതികരിക്കാൻ ഇന്നത്തെ യുവതയ്ക്ക് താൽപ്പര്യമില്ല, പകരം അവർ ലഹരി വിളമ്പുന്ന നിശാപാർട്ടി കളിലേക്ക് നീങ്ങുന്നു. എന്തൊക്കെ കുറവുകൾ ഉണ്ടെന്ന് പറയുമ്പോഴും സംസ്ഥാന ത്തെ സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥി സംഘടന പ്രവർത്തനം സജീവ മായിരുന്ന കാലഘട്ടത്തിൽ ഇത്തരം സംഘങ്ങൾ അവിടേക്ക് അടുക്കു മായിരുന്നില്ല. കോടതി വിധികളും, നിയന്ത്രണങ്ങളും സംഘടന സ്വാതന്ത്ര്യം തടസ്സമാകുന്ന ഇക്കാലത്ത് ആ സ്പേസിലേക്ക് കടന്നുവരുന്നത് അപകടകരമായ തിന്മകൾ വിതയ്ക്കുന്ന ലഹരിയുടെ ലോകമാണെന്നത് കാണാതിരുന്നുകൂടാ.
യുവതലമുറയെ കാർന്ന് തിന്നാൻ ഒരുങ്ങുന്ന ഈ വലിയ വിപത്തിനെതിരെ സാമൂഹ്യമായ ജാഗ്രത അനിവാര്യമായിരിക്കുന്നു. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നിരന്തരമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. ''ക്ലീൻ കാമ്പസ് സേഫ് കാമ്പസ്'' പരിപാടി കൂടുതൽ ഊർജ്ജിതമാക്കണം. ഒപ്പം മയക്കമരുന്നിന്റെ വ്യാപനവും ഉപയോഗവും തടയുന്നതിന് ശക്തമായ നടപടികൾ കൈക്കൊള്ളണം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം നടത്തുകയും അവ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.