വ്യാജ ഗാരന്റി കാർഡും വാറണ്ടിയും ഉപയോഗിച്ച് കുവൈത്തിൽ വ്യാജ മൊബൈൽ ഫോൺ വില്പന തകൃതിയായതായി വാണിജ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിവിധ കമ്പനികളുടെ പുതിയ മോഡലുകളിലുള്ള മൊബൈൽ ഫോണുകൾ കുറഞ്ഞ വിലക്ക് വിപണിയിൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വിലപേശുന്നവർക്ക് ഒറിജിനൽ മൊബൈലിന്റെ വിലയേക്കാൾ പകുതി വിലക്കുറവിൽ ഇത്തരം ഉൽപന്നങ്ങൾ വിപണിയിൽ ലഭിക്കുന്ന സാഹച്യര്യമാണ് ഉള്ളതെന്നും ഇത്തരം തട്ടിപ്പുകളിൽ വീണ് പോവരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. അംഗീകാരവും ലൈസൻസുമില്ലാത്ത അനധികൃത മൊബൈൽ ഷോപ്പുകൾ വഴിയാണ് ഇത്തരം ഉൽപ്പന്നങ്ങൾ കൂടുതലും വിറ്റഴിക്കപ്പെടുന്നത്. അതിനാൽ മൊബൈൽ ഫോൺ വാങ്ങാൻ ഒരുങ്ങുന്നവർ അംഗീകൃത ഏജൻസികളേയോ ലൈസൻസ് ഉള്ള സ്ഥാപനങ്ങളേയോ സമീപിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെയും ഓൺലൈൻ വ്യാപാരികളെയും കരുതിയിരിക്കണം എന്നും മന്ത്രാലയം പറഞ്ഞു. ഉപയോഗിച്ചു കഴിഞ്ഞ ഫോണുകളിൽ അഴിച്ചുപണി നടത്തി പുതിയതെന്ന വ്യാജേന വിൽപന നടത്തുന്ന സമ്പ്രദായവും വ്യാജ കച്ചവടക്കാർക്കിടയിലുണ്ട്. തട്ടിപ്പിനിരയാവുന്നവർ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റിൽ ഉടൻ പരാതി നൽകണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.