മൈസൂരു: പാവപ്പെട്ടവരുടെ കുട്ടികളെ തട്ടിയെടുത്ത് കുട്ടികളില്ലാതെ വേദനിക്കുന്ന പണക്കാരായ ദമ്പതികൾക്ക് വിലപേശി വില്പന നടത്തുകയായിരുന്നു മൈസൂരിലെ മലയാളിയായ ഉഷയും ഭർത്താവ് ഫ്രാൻസിസും പണമുണ്ടാക്കൻ കണ്ടെത്തിയ മാർഗ്ഗം. 30 ദിവസം മുതൽ അഞ്ചുവയസുവരെ പ്രായമുള്ള കുട്ടികളെ ഇവർ വിറ്റു. ഒരു ലക്ഷം മുതൽ അഞ്ചുലക്ഷം വരെ വാങ്ങി 17 കുട്ടികളെയാണ് ഇവർ വില്പന നടത്തിയത്. 17 കുട്ടികളെയും ഇവരെ വിലയ്ക്കു വാങ്ങിയവരിൽ നിന്ന് പൊലീസ് മോചിപ്പിച്ചിരിക്കുകയാണ്.

തെരുവുകളിൽ കഴിയുന്ന സ്ത്രീകൾ ഗർഭിണികളായാൽ ഉഷ ഇവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവിഹിത ഗർഭം അലസിപ്പിക്കാനും മറ്റുമെത്തുന്ന സ്ത്രീകളെ പ്രലോഭിപ്പിച്ചു പ്രസവിക്കാൻ അവസരം ഒരുക്കും. തുടർന്ന് നവജാത ശിശുക്കളെ കൈക്കലാക്കും. അവിഹിത ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് പ്രസവം വരെ താമസവും പ്രസവത്തിനുള്ള സൗകര്യങ്ങളും ഉഷ ഏർപ്പാടാക്കും. ഇവരിൽ നിന്ന് വാങ്ങുന്ന കുട്ടികളെയാണ് ആദ്യം വില്പന നടത്തിയിരുന്നത്. കുട്ടികൾക്ക് ആവശ്യക്കാരേറിയതോടെ കുട്ടികളെ തട്ടിയെടുക്കാനും ആരംഭിച്ചു. തെരുവുകളിൽ അലയുന്ന ദമ്പതികളുടെ കുട്ടികളെ തന്നെയാണ് പ്രധാനമായും തട്ടിയെടുത്തത്.

ഇവരിൽ മൂന്നു കുട്ടികളെ തൃശൂരിലെ പണക്കാരുടെ വീടുകളിൽ നിന്നാണ് തിരിച്ചെടുത്തത്. ഉഷയുടെ ഭർത്താവ് പിടിയിലായതും കേരളത്തിലേക്ക് നവജാത ശിശുവിനെ കടത്താൻ ശ്രമിക്കവേയാണ്. വ്യാജ ഡോക്ടർ ചമഞ്ഞായിരുന്നു ഉഷയുടെ തട്ടിപ്പ്. മണ്ഡി മൊഹല്ലയിലെ പുലികേശി റോഡിലുള്ള നസിം ക്‌ളിനിക്ക് ഇവർ ഡോക്ടറാണെന്ന് പ്രചരിപ്പിച്ച് ഏറ്റെടുത്ത് നടത്തുകയായിരുന്നു. നസീമയെന്ന വനിതാ ഡോക്ടർ 15 വർഷം മുമ്പ് ആരംഭിച്ച ക്‌ളിനിക്കാണ് അഞ്ചുവർഷം മുമ്പ് ഉഷ ഏറ്റെടുത്തത്. വെറും ലാബ് ടെകനീഷ്യൻ മാത്രമായിരുന്ന ഉഷ ക്‌ളിനിക്കിൽ ഡോക്ടർ ചമഞ്ഞിരുന്നത് തട്ടിപ്പിനുവേണ്ടിയാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞതും ഇപ്പോൾ മാത്രമാണ്.

കഴിഞ്ഞ ഏപ്രിലിൽ നഞ്ചൻകോട് ശ്രീകണഠേശ്വര ക്ഷേത്ര പരിസരത്തു നിന്ന് മൂന്നുവയസുകാരനെ കാണാതായ സംഭവമാണ് തട്ടിപ്പുസംഘത്തെ കുടുക്കിയത്. കുട്ടിയെ കാണാനില്ലെന്ന് ഭിക്ഷാടകരായ മാതാപിതാക്കൾ നഞ്ചൻകോട് പൊലീസിൽ പരാതി നല്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രി കരാർ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചു. ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ചില നഴസുമാരെ കുറിച്ചും അവരിൽ നിന്ന് ഉഷയെ കുറിച്ചും വിവരം ലഭിക്കുകയായിരുന്നു.

ഇതേ തുടർന്ന് ഉഷയ്ക്കും ഭർത്താവ് ഫ്രാൻസിസിനും പുറമെ സഹായികളായ ആറു പേരെ കൂടി പൊലീസ് കഴിഞ്ഞമാസം അറസ്റ്റുചെയ്തിരുന്നു. കേരളത്തിൽ തൃശൂരിൽ ഇവർ വില്പന നടത്തിയ മൂന്നു കുരുന്നുകളെ കണ്ടെത്തി. കർണാടകത്തിലെ മൈസൂരു, മടിക്കേരി, മംഗളൂരു, ശിവമോഗ എന്നിവിടങ്ങളിൽ നിന്നുമാണ് മറ്റുകുട്ടികളെ കണ്ടെത്തിയത്. കെനിയ, യു.എസ്. എന്നീ രാജ്യങ്ങളിലേക്കും കുട്ടികളെ കടത്തിയതായി വിവരം ലഭിച്ചു.

കുട്ടികളില്ലാത്ത ദമ്പതികൾക്ക് പ്രസവസംബന്ധമായ ആശുപത്രി രേഖകൾ വ്യാജമായി നിർമ്മിച്ച് ഇവർ നല്കിയിരുന്നു. ഇതുകൊണ്ടുതന്നെ പിടിക്കപ്പെട്ടാലും ആശുപത്രിയിൽ വച്ച് പ്രസവം നടന്നിട്ടുണ്ടെന്ന് അവർക്ക് ആരെയും തെറ്റിദ്ധരിപ്പിക്കാൻ സാധിക്കും. ഇക്കാര്യത്തിൽ സ്വകാര്യ ആശുപത്രികൾക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരുന്നുണ്ട്.