മുംബൈ: കൊച്ചുമകളെ തിരുച്ചു കിട്ടാൻ വേണ്ടി തൃശ്ശൂർ സ്വദേശിനി ഉഷ ധനഞ്ജയൻ നടത്തിയ നിയമപോരാട്ടം ഒടുവിൽ വിജയം കണ്ടു. നാല് വർഷം നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് മകളുടെ കുട്ടിയായ സീനത്തിന്റെ സംരക്ഷണ ചുമതല സീനത്തിന് ലഭിക്കുന്നത്. സീനത്തിന്റെ സംരക്ഷണച്ചുമതല ഉഷയ്ക്ക് നൽകിയശേഷം മുംബൈയിൽത്തന്നെ പഠിപ്പിക്കാനാണ് ജസ്റ്റിസ് മൃദുല ഭഡ്കർ ഉത്തരവിട്ടത്. എന്നാൽ, കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുപോയി പഠിപ്പിക്കാനുള്ള ഉത്തരവിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഉഷ.

ആറുവർഷംമുമ്പാണ് ദുബായിൽെവച്ച് ഇവരുടെ മകളായ നിമ്മിയെ ഭർത്താവ് ഫിറോസ് പോപ്പറെ കൊലചെയ്തത്. കേസിൽ ദുബായ് കോടതി ഫിറോസിന് വധശിക്ഷ വിധിച്ചു. നിമ്മിയുടെ ശവസംസ്‌കാരച്ചടങ്ങുകൾ കഴിഞ്ഞയുടനെ തുടങ്ങിയതാണ് ഇരുകുടുംബങ്ങളും സീനത്തിനുവേണ്ടിയുള്ള നിയമപോരാട്ടം.

2008-ലായിരുന്നു നിമ്മിയുടെ വിവാഹം. തുടർന്ന് ഇവർ ദുബായിൽ സ്ഥിരതാമസമാക്കുകയായിരുന്നു. നിമ്മിയുടെ മരണശേഷം സീനത്തിന്റെ സംരക്ഷണച്ചുമതല റായ്ഗഢ് മാൻഗാവ് കോടതി ഉഷയ്ക്ക് നൽകി. ഇതിനെതിരേ ഫിറോസിന്റെ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കീഴ്കോടതി വിധി സ്റ്റേചെയ്ത ഹൈക്കോടതി സ്‌കൂൾ അവധിക്കാലത്തുമാത്രം കുട്ടിയെ കാണാനാണ് ഉഷയ്ക്ക് അനുമതി നൽകിയത്. തുടർന്നുനടന്ന നിയമപോരാട്ടത്തിനൊടുവിലാണ് പുതിയ വിധി.

സുപ്രീംകോടതിയെ സമീപിച്ച് സീനത്തിനെ കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള വിധി നേടിയെടുക്കാനുള്ള ശ്രമത്തിലാണെന്ന് ഉഷയ്ക്ക് നിയമസഹായം നൽകിയ ഹാർമണി ഫൗണ്ടേഷന്റെ ഡോ. എബ്രഹാം മത്തായി പറഞ്ഞു.